കൊച്ചി: അക്രമസമരങ്ങളുമായി ബന്ധപ്പെട്ടുള്ള ജാമ്യമില്ലാ വാറന്റുകളിലെ തുടര്‍ നടപടികള്‍ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ തടയണമെന്ന ടി.വി രാജേഷിന്റെയും എം. സ്വരാജിന്റെയും ആവശ്യം ഹൈക്കോടതി നിരസിച്ചു. പകരം ഇരുവര്‍ക്കും മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാന്‍ പത്തു ദിവസത്തെ സമയം അനുവദിച്ചു.
അനുമതിയില്ലാതെ പ്രതിഷേധ സമരം നടത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സമന്‍സ് അയച്ചിട്ടും ഇരുവരും കോടതിയില്‍ ഹാജരായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ കേസുകളിലെ ജാമ്യമില്ലാ വാറന്റുകളില്‍ മേയ് 16 വരെ തുടര്‍ നടപടികള്‍ തടയണമെന്നാണ് ഇരുവരും ഹര്‍ജികളില്‍ ആവശ്യപ്പെട്ടിരുന്നത്. ജസ്റ്റീസ് സി.കെ. അബ്ദുള്‍ റഹീം ഇതനുവദിച്ചില്ല.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന കാരണത്താല്‍ ജാമ്യമില്ലാ വാറന്റിലെ നടപടികള്‍ ഒരുമാസത്തിലേറെ തടഞ്ഞുവെക്കാനാവില്ലെന്നും അതു വിവേചനമാകുമെന്നും സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി. സമന്‍സ് ഉണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയില്‍ ഇരുവരും കോടതിയില്‍ ഹാജരായി ജാമ്യം എടുക്കേണ്ടതായിരുന്നു. കുറഞ്ഞപക്ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴെങ്കിലും ഇതു ചെയ്യാമായിരുന്നു.
പത്തു ദിവസത്തിനുള്ളില്‍ ഇരുവരും കോടതികളില്‍ ഹാജരാകണം. അന്നു തന്നെ മജിസ്ട്രേറ്റ് കോടതികള്‍ ജാമ്യാപേക്ഷ നിയമപ്രകാരം പരിഗണിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.എം. സ്വരാജ് സോളാര്‍ സമരം, വിദ്യാഭ്യാസരംഗത്തെ വ്യവസായവത്കരണം തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ സമരങ്ങള്‍ ഉള്‍പ്പെടെ തമ്പാനൂര്‍, മ്യൂസിയം, കന്റോണ്‍മെന്റ് സ്റ്റേഷനുകളിലായി ഒമ്പതു കേസുകളാണ് നിലവിലുള്ളത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാകേണ്ടത്.
ടി.വി. രാജേഷ് സോളാര്‍ സമരമുള്‍പ്പെടെയുള്ള കേസുകളില്‍ പത്തനാപുരം, കോഴിക്കോട് എന്നിവിടങ്ങളിലായി രണ്ടു കേസുകള്‍ നിലവിലുണ്ട്. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്ട്രേറ്റ് കോടതിയിലും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുമാണ് ഹാജരാകേണ്ടത്. ടി.വി. രാജേഷ് കല്യാശേരിയിലും എം . സ്വരാജ് തൃപ്പൂണിത്തുറയിലുമാണ് ജനവിധി തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: