തിരുവനന്തപുരം: ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ അഞ്ചു സ്ഥാനാര്‍ഥികളില്‍ കോടീശ്വരന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനാണ്. വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് കെ. മുരളീധരന്. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് ജനവിധി തേടുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാകട്ടെ ആസ്തിയില്‍ പുറകിലാണ്.
കെ. മുരളീധരന്റെ മാത്രം ആകെ ആസ്തി 7.45 കോടിരൂപയാണ്. കെ. മുരളീധരന്റെ കൈവശം ആകെയുള്ളത് 20,000 രൂപ. വിവിധ ബാങ്കുകളിലായി 1.49 കോടിയുടെ സ്ഥിരം നിക്ഷേപവും സബ്ട്രഷറി ഉള്‍പ്പെടെ വിവിധ ബാങ്കുകളിലായി 32.77 ലക്ഷത്തിന്റെ സേവിംഗ്സ് ബാങ്ക് നിക്ഷേപവുമുണ്ട്. സ്ഥാവരജംഗമ വസ്തുക്കള്‍ മുഴുവന്‍ ചേര്‍ക്കുമ്പോള്‍ കെ. മുരളീധരന് ആകെ 7.45 കോടിയുടെ ആസ്തിയുണ്ടെന്ന് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു.
കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ 13,20,000 രൂപ വിലയ്ക്ക് 1987ല്‍ വാങ്ങിയ 20.5 സെന്റ് വസ്തുവും വീടും 1999 ല്‍ 19,80,000 രൂപയ്ക്ക് ഗുരുവായൂരില്‍ വാങ്ങിയ ഫഌറ്റും മുരളിക്കുണ്ട്. തൃശൂര്‍ അയ്യന്തോളില്‍ പാരമ്പര്യമായി കിട്ടിയ 85 ലക്ഷം രൂപ വിലവരുന്ന 2500 ചതുരശ്രഅടി വീടും ഒമ്പത് ലക്ഷം രൂപ വിലവരുന്ന വസ്തുവുമുണ്ട്. ഡിഐസി പാര്‍ക്ക് വേണ്ടി കെ. കരുണാകരന് വാങ്ങിയ 60 ലക്ഷം രൂപ വിലവരുന്ന കെട്ടിടവും ഇപ്പോള്‍ മുരളിക്ക് സ്വന്തമാണ്. കൂടാതെ 29.98 ലക്ഷത്തോളം വിലവരുന്ന രണ്ട് ഇന്നോവ കാറുകളും അഞ്ചുലക്ഷം രൂപ വിലവരുന്ന വീട്ടുസാധനങ്ങളും ജനപ്രിയ കമ്മ്യൂണിക്കേഷനില്‍ 3.39 കോടിയുടെ ഷെയറുമുണ്ട്.
ഭാര്യ എസ്.
ജ്യോതിക്ക് സ്വര്‍ണം, ബാങ്ക് നിക്ഷേപങ്ങള്‍, കമ്പനി ഷെയറുകള്‍ അടക്കം 5.17 കോടിയുടെയുടെ ആസ്തിയുണ്ട്. മൂത്തമകന് അരുണ്‍ നാരായണന് സ്ഥിരം നിക്ഷേപങ്ങളും സേവിങ് ബാങ്ക് നിക്ഷേപങ്ങളുമായി 26.48 ലക്ഷത്തിന്റെയും ഇളയമകന് ശബരിനാഥിന് 15.72 ലക്ഷത്തിന്റെയും ആസ്തിയുണ്ടെന്നും സത്യവാങ് മൂലത്തില്‍ മുരളീധരന് വെളിപ്പെടുത്തി.
കുമ്മനം രാജശേഖരനാകട്ടെ കൈവശം 10,000 രൂപയും ബാങ്കില്‍ 34,614 രൂപയുടെ നിക്ഷേപവുമാണുള്ളത്.
ജന്മഭൂമിയില് 5,100 രൂപയുടെ ഓഹരിയുണ്ട്. കോട്ടയത്തെ അയ്മനം വില്ലേജില്‍ 25.5 സെന്റ് വസ്തുവുണ്ട്. വാഹനമോ വായ്പയോ കേസുകളോ ഇല്ല.
കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി വി. മുരളീധരനാകട്ടെ സ്വന്തമായി വസ്തുവില്ല. ഭാര്യ കോളേജധ്യാപികയയായ ജയശ്രീക്ക് കുടുംബ സ്വത്തായി ആലപ്പുഴ പാലമേല്‍ വില്ലേജില്‍ 53 സെന്റ് വസ്തുവുണ്ട്. ഇതില്‍ ഭാര്യാ സഹോദരനും അവകാശമുണ്ട്. കൂടാതെ കോഴിക്കോട് കേച്ചേരി വില്ലേജില്‍ ഭാര്യയുടെ പേരില്‍ രണ്ടുസെന്റ് വസ്തുവുണ്ട്. കൈവശം പണമായി ആയിരം രൂപയും. ഭാര്യയുടെ കൈവശം രണ്ടായിരവും.
ബാങ്ക് അക്കൗണ്ടില്‍ 56,791 രൂപ 75 പൈസ കിടപ്പുണ്ട്. ഭാര്യയുടെ അക്കൗണ്ടില്‍ 39,381 രൂപയും. പോസ്റ്റോഫീസില്‍ ഭാര്യയുടെ പേരില്‍ 5000 രൂപ നിക്ഷേപമുണ്ട്. മുരളീധരന്റെ കൈവശം ആറു ഗ്രാമിന്റെ സ്വര്‍ണമോതിരവും ഭാര്യയുടെ കൈവശം 164 ഗ്രാം സ്വര്‍ണാഭരണങ്ങളുമുണ്ട്. മറ്റു ബാധ്യതകളൊന്നുമില്ലാത്ത മുരളീധരന്റെ ഭാര്യയുടെ പേരില്‍ 2004 മോഡല്‍ മാരുതി ആള്‍ട്ടോ കാറുണ്ട്.
കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ കൈവശമുള്ളത് 15,000 രൂപയും 45 പോലീസ് കേസുകളുമാണ്. കടകംപള്ളി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ 10,000 രൂപയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കാമ്പസിലെ എസ്ബിടിശാഖയില് 930 രൂപയും ജില്ല ട്രഷറിയില്‍ 24,141 രൂപയും നിക്ഷേപമുണ്ട്. മലയാളം കമ്മ്യൂണിക്കേഷന്‍സില്‍ 10,000 രൂപയുടെ ഓഹരിയുമുണ്ട്.
കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ തിരുമല എബ്രഹാം മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപികയായ സുലേഖയുടെ കൈവശം 5000 രൂപയുണ്ട്. നിക്ഷേപങ്ങളും ആഭരണവും കാറും ഉള്ളൂര്‍ വില്ലേജില്‍ 50 സെന്റ് ഭൂമിയും കവടിയാര്‍ വില്ലേജില്‍ നാലുസെന്റു ഭൂമിയും 1200 ചതുരശ്ര അടിയുള്ള വീടും ഭാര്യയുടെ പേരിലുണ്ട്. 33 ലക്ഷം രൂപയുടെ വസ്തുവകകളാണ് ഭാര്യയുടെ പേരിലുള്ളത്. കടകംപള്ളി സുരേന്ദ്രന്റെ പേരില്‍ കടകംപള്ളി വില്ലേജില്‍ 12 സെന്റു ഭൂമിയും 850 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുമുണ്ട്.
തന്റെ പേരില്‍ വിവിധ കോടതികളിലായി 45 കേസുകള്‍ നിലവിലുള്ളതായും സുരേന്ദ്രന്റെ സത്യവാങ്മൂലത്തിലുണ്ട്.
കാട്ടാക്കടയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ എന്‍. ശക്തന്റെ സ്ഥാവര ജംഗമ വസ്തുക്കളുടെ മൊത്തം ആസ്തി 2,34,010 രൂപയാണ്. ഭാര്യയുടെ പേരിലുള്ള സ്ഥാവരജംഗമവസ്തുക്കളുടെ മൂല്യം 67,32,820 രൂപ. ഇരുവരുടെയും പേരില്‍ ആകെയുള്ള വസ്തുവകകളുടെ മൂല്യം 79,66,830 രൂപയാണ്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരം സംബന്ധിച്ച സത്യവാങ്മൂലത്തിലാണ് വിവരങ്ങളുള്ളത്.
ശക്തന്റെ കൈവശമുള്ളത് 10,000 രൂപയാണ്. കൃഷിഭൂമി ഇനത്തില്‍ സ്വന്തം പേരില്‍ 22 സെന്റു ഭൂമിയും നിക്ഷേപയിനത്തില്‍ നാല് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 6010 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം ആകെയുള്ളത് 6000 രൂപയാണ്. 2,23,195 രൂപ ഭാര്യയുടെ പേരില്‍ നിക്ഷേപയിനത്തിലുണ്ട്. ഒരുലക്ഷം രൂപ മൂല്യമുള്ള 40 ഗ്രാം സ്വര്‍ണാഭരണം ശക്തനും ഒന്‍പതുലക്ഷം രൂപ വിലവരുന്ന 320 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഭാര്യയ്ക്കുമുണ്ട്. 5,43,625 രൂപ വിലയുള്ള സ്വിഫ്റ്റ് കാറും ഭാര്യയുടെ പേരിലുണ്ട്. ശക്തന്റെ പേരില്‍ കാഞ്ഞിരംകുളത്തെ 22 സെന്റ് കൃഷിഭൂമിക്ക് നിലവിലെ വിപണിവില 11,00,000 രൂപയാണ്. ഭാര്യയുടെ പേരില്‍ കോട്ടുകാലിലുള്ള ഒരേക്കര്‍ കൃഷി ഭൂമിക്ക് 5,00,000 രൂപയാണു വിപണി വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: