കോഴിക്കോട്: കടുത്ത ചൂട് തൊഴില്‍ രംഗത്തെയും ബാധിച്ചു. ഗുരുതരമായി തളര്‍ത്തുന്നത് ക്ഷീര മേഖലയെയാണ്. വടക്കന്‍ ജില്ലകളില്‍ പല ക്ഷീര കര്‍ഷകരും പശുക്കളെ വില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. പാലക്കാട്, കോഴിക്കോട്, കാസര്‍ക്കോട് ജില്ലകളില്‍ ചിലര്‍ വില്‍പ്പന നടത്തി. വെള്ളവും പുല്ലും കിട്ടാത്തതാണ് കര്‍ഷകരെ വലയ്ക്കുന്നത്. അത്യുഷ്ണത്തില്‍ പശുക്കളില്‍ കിതപ്പ് കൂടും. പ്രത്യേകിച്ചും സങ്കരയിനം പശുക്കളില്‍.
ധാരാളം വെള്ളം കുടിപ്പിക്കേണ്ടതിനൊപ്പം ഇടക്കിടെ കുളിപ്പിക്കുകയും വേണം. ഒപ്പം പച്ചപ്പുല്ലും തിന്നാന്‍ കൊടുക്കണം. എന്നാല്‍ കര്‍ഷകര്‍ക്ക് ഇതൊന്നും ചെയ്ത് കൊടുക്കാനാകുന്നില്ല. വെള്ളം പരിമിതമാണ്. മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ തന്നെ ആശ്യത്തിന് കിട്ടാത്ത സ്ഥിതിയില്‍ കാലികളുടെ കാര്യം പറയേണ്ടതില്ല.
വെള്ളമില്ലാത്തതിനാല്‍ പലരും തൊഴുത്ത് തന്നെ വൃത്തിയാക്കുന്നത് വല്ലപ്പോഴുമാക്കി. പച്ചപ്പുല്ല് തീരെ കിട്ടാനില്ല. അത് നേരത്തെ മില്‍മ കര്‍ഷകര്‍ക്ക് ആവശ്യത്തിന് നല്‍കിയിരുന്നു. വിവിധ ഫാമുകളില്‍ നിന്നായി 3200 ടണ്‍ പച്ചപ്പുല്ലായിരുന്നു മില്‍മ സംഭരിച്ചത്. എന്നാല്‍ ആവശ്യക്കാരേറുകയും ലഭ്യത കുറയുകയും ചെയ്തതോടെ അവരും വെട്ടിലായി. കര്‍ഷകരുടെ ആവശ്യത്തിന് മുമ്പില്‍ മില്‍മയും കൈമലര്‍ത്തിയതോടെയാണ് പശുക്കളെ വില്ക്കാന് പലരും ഒരുങ്ങുന്നത്.
മില്‍മയുടെ മുന്നൊരുക്കത്തിന്റെ ഫലമായി പാലുല്‍പ്പാദനത്തില്‍ കുറവുണ്ടായിട്ടില്ല. എന്നാല്‍ ചുട് കൂടുകയാണെങ്കില്‍ സ്ഥിതി മാറുമെന്ന് ആശങ്കയുണ്ട്. ചൂട് കാരണം പാക്കറ്റ് പാല് പെട്ടെന്ന് കേടാകുന്നുണ്ട്. ഇത് മനസ്സിലാക്കി മില്‍മ ബൂത്ത് ഏജന്‍സികള്‍ക്ക് പ്രത്യേകം നിര്‍ദ്ദേശം നല്കുകയാണിപ്പോള്.
കനത്ത ചൂടും വെള്ളക്കുറവും കോഴിഫാമുകളെയും ബാധിച്ചു. ചൂട് സഹിക്കാനാകാതെ കോഴികള്‍ ചത്തു വീഴുകയാണ്. തമിഴ് നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ വരവും ഗണ്യമായി കുറഞ്ഞു. അതിനാല്‍ വില ഉയരത്തില്‍ തന്നെയാണ്. മലബാര്‍ മേഖലയില്‍ കിലോ കോഴിയിറച്ചിക്ക് വില 180-190 രൂപയാണ്.
ചെറുകിട ഹോട്ടലുകാരും ബുദ്ധിമുട്ടിലായി. ആവശ്യത്തിന് വെള്ളം കിട്ടാത്തതാണ് പ്രധാന പ്രശ്നം. മറ്റൊന്ന് ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതാണ്. ചൂട് കാരണം പൊതുവെ കട്ടിയാഹാരം ഉപയോഗിക്കുന്നത് കുറഞ്ഞു. പാനീയങ്ങളോടാണ് കൂടുതല്‍ താല്‍പ്പര്യം. ഹോട്ടലുകളില്‍ ഭക്ഷണം പെട്ടെന്ന് കേടാകുന്നതും പ്രശ്നമായിട്ടുണ്ട്.
കനത്ത ചൂടില്‍ പണിയെടുക്കാന്‍ ആളെ കിട്ടാത്തതിനാല്‍ നിര്‍മ്മാണ മേഖലയെയും പ്രതികൂലമായി ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: