ആലപ്പുഴ: എസ്എന്‍ഡിപിയോടും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുമുള്ള പക തീര്‍ക്കാന്‍ സിപിഎം കണിച്ചുകുളങ്ങര ശ്രീദേവീക്ഷേത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം. വെള്ളാപ്പള്ളി നടേശന് അര നൂറ്റാണ്ടിലേറെയായി തുടര്‍ച്ചയായി പ്രസിഡന്റു സ്ഥാനം വഹിക്കുന്ന ക്ഷേത്രമാണിത്.
വെള്ളാപ്പള്ളി നയിക്കുന്ന പാനലിനെതിരെ മത്സരരംഗത്തു വരാന്‍ സിപിഎം നേതൃത്വം ശ്രമിച്ചെങ്കിലും പാര്‍ട്ടിയിലെ രൂക്ഷമായ വിഭാഗീയതയെ തുടര്‍ന്ന് നീക്കം പൊളിഞ്ഞു. നിയമസഭാ സ്ഥാനാര്‍ത്ഥികളായ ചില സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയതോടെയാണ് നീക്കം പരാജയപ്പെട്ടത്. എന്നാല്‍ വെള്ളാപ്പള്ളിക്കു മുന്നില്‍ സിപിഎം പാനല്‍ പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പിന്മാറുകയായിരുന്നുവെന്നും പറയപ്പെടുന്നു.
തങ്ങളുടെ വരുതിക്ക് നില്‍ക്കാതെ ബിഡിജെഎസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്കി എന്‍ഡിഎയില്‍ അംഗമായ സാഹചര്യത്തില്‍ വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും ഏതുവിധേനയും തകര്‍ക്കുക എന്ന ലക്ഷ്യത്തിലേക്ക് സിപിഎം മാറിക്കഴിഞ്ഞു. വെള്ളാപ്പള്ളിയെ വ്യക്തിപരമായികൂടി നേരിടുന്നതിന്റെ ഭാഗമായി കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ ഭരണത്തില്‍ പ്രശ്നങ്ങളും കലാപങ്ങളും സൃഷ്ടിക്കുക എന്നതാണ് സിപിഎം നയം.
കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ സാന്നിദ്ധ്യത്തില്‍ കണിച്ചുകുളങ്ങരയില്‍ നടന്ന സിപിഎം മാരാരിക്കുളം, കണിച്ചുകുളങ്ങര ലോക്കല്‍ കമ്മറ്റികളുടെ ജനറല്‍ ബോഡി യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം എടുത്തതായാണ് വിവരം. ഭരണ സമിതിക്കെതിരെ തുടര്‍ച്ചയായി കേസുകള്‍ നല്‍കുക. ക്ഷേത്രക്കമ്മറ്റിയംഗങ്ങളായ പാര്‍ട്ടി അനുകൂലികളെ നിയോഗിച്ച് സംഘര്‍ഷം സൃഷ്ടിക്കുക തുടങ്ങിയവയാണ് പദ്ധതികള്‍.
കലാപവും പ്രശ്നങ്ങളും സൃഷ്ടിച്ച് ക്ഷേത്രത്തെയും ക്ഷേത്രാചാരങ്ങളെയും തകര്‍ക്കാനുള്ള സിപിഎം ശ്രമത്തിനെതിരെ ഭക്തര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വെള്ളാപ്പള്ളി പ്രസിഡന്റായ ശേഷമാണ് ക്ഷേത്രത്തിലെ അനാചാരങ്ങള്‍ ഒഴിവാക്കി പ്രമുഖ ക്ഷേത്രങ്ങളുടെ പട്ടികയിലേക്ക് കണിച്ചുകുളങ്ങരയെ ഉയര്‍ത്തിയത്. ഏതാനും ആഴ്ചകള്‍ മുമ്പാണ് മാതാ അമൃതാനന്ദമയീദേവി ഇവിടുത്തെ ചുറ്റമ്പലം സമര്‍പ്പിച്ചത്. അമൃതാനന്ദമയിദേവിയെ കൊണ്ടുവന്നതിലും ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ഇവര്‍ക്കു പിന്നിലും ചില സിപിഎം നേതാക്കളാണെന്നാണ് ആരോപണമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: