തിരുവനന്തപുരം: പാലക്കാട് പട്ടികജാതി മെഡിക്കല്‍ കോളേജിലെ വിവാദ നിയമനം സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിലെ 224 തസ്തികകളിലെ വിവാദനിയമനം സംബന്ധിച്ച ഉത്തരവാണ് സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയത്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന്റെ തൊട്ടു തലേദിവസമാണ് ക്യാബിനറ്റ് ചേര്‍ന്ന് ഈ തസ്തികകളിലെ താത്കാലികജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്. പാലക്കാട് മെഡിക്കല്‍ കോളേജിലെ 224 തസ്തികകളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ വി.ആര്. ജോഷിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മറ്റിയാണ് ഇവരെ സ്ഥിരപ്പെടുത്താന്‍ ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതിക്ക് തൊട്ടു തലേദിവസം ചേര്‍ന്ന ക്യാബിനറ്റ് ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനമെടുത്തത്.
ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് പുറകില്‍ വന്‍ അഴിമതിയുണ്ടെന്ന് അന്നു തന്നെ ആരോപണമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപം ശക്തമാണ്. നിയമത്തിന്റെയും ചട്ടത്തിന്റെയും മറപിടിച്ച് സര്‍ക്കാര്‍ അധികാരദുര്‍വിനിയോഗം ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടിരുന്നു.
2014-15 അധ്യയനവര്‍ഷം ഇവിടെ എംബിബിഎസ് ക്ലാസ് ആരംഭിക്കുന്നതിനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കുന്നതിനുമായി മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡം അനുസരിച്ച് ആവശ്യമായ ജീവനക്കാരെ സ്പെഷ്യല്‍ ഓഫീസര്‍ നിയമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: