തിരുവനന്തപുരം: ഇടതു വലത് ദുര്‍ഭരണത്തില്‍ നിന്ന് മുക്തി നേടാന്‍ കേരള ജനതയെ വഴികാട്ടി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ. കോടിക്കണക്കിന് ജനങ്ങള്‍ക്ക് താങ്ങും തണലുമായ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ വികസനത്തിനും ജനനന്മയ്ക്കും പ്രഖ്യാപിച്ച പദ്ധതികളും കേരളത്തിലെ മാറുന്ന മനസും വരച്ചുകാട്ടുന്ന പ്രചാരണ വീഡിയോ കേന്ദ്ര നൈപുണ്യവികസന മന്ത്രി രാജീവ് പ്രതാപ് റൂഡി പ്രകാശനം ചെയ്തു.
കേരളം ഒരു മാറ്റത്തിനായി കാത്തിരിക്കുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്നും രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ബിജെപിയെക്കുറിച്ച് മിണ്ടാതിരുന്നവരെല്ലാം ഇപ്പോള്‍ പ്രസ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. മാധ്യമങ്ങള്‍ ബിജെപിയെക്കുറിച്ച് എഴുതാനും സംസാരിക്കാനും തുടങ്ങി.
അഴിമതിയെ ജനങ്ങള്‍ക്ക് മടുത്തു. അതുകൊണ്ടുതന്നെ ജനം ബിജെപിയെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുദ്ര ലോണ്‍, സ്കില്‍ ഇന്ത്യ, പ്രധാനമന്ത്രിയുടെ വസല്‍ ഭീമാ യോജന, ബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യം, സ്റ്റാര്‍ട്ട് അപ് പദ്ധതികള്‍, കേരളത്തിലെ പ്രതീക്ഷകള്‍ എന്നിവ പങ്കുവയ്ക്കുന്ന ആറു വീഡിയോകളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ജീവിതം വഴിമുട്ടിയ കുടുംബത്തിന് മുദ്ര ബാങ്കിന്റെ ലോണിലൂടെ തയ്യല്‍ സംരംഭം ആരംഭിക്കാനായതും കൃഷിനശിച്ച കര്ഷകന് വസല്‍ ഭീമാ യോജനയിലൂടെ ഇന്‍ഷുറന്‍സ് സഹായമെത്തുന്നതും പ്രചാരണമാകുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം സ്റ്റാര്‍ട്ട് അപ് പദ്ധതികളിലൂടെ പുതുജിവിതം കെട്ടിപ്പടുത്ത യുവതലമുറയെയും ബിജെപി കേരളജനതയ്ക്കു മുന്നില്‍ സാക്ഷ്യപ്പെടുത്തുന്നു.
ബാംഗാളിലെ സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിനെ പരിഹസിച്ച് കേരളത്തിലും ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന സത്യവും വരച്ചുകാട്ടുന്നു. താമരവിരിയുന്നത് തടയാന്‍ സമയം കളയുന്ന ഇടതുവലത് മുന്നണികളോട് കേരളമാകെ പടര്‍ന്ന താമരതരംഗത്തെ കണ്ണുതുറന്ന് കാണാന്‍ പറയുകയാണ് ബിജെപി.
കലാഭവന്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, നേതാക്കളായ ഒ. രാജഗോപാല്‍, വി. മുരളീധരന്, സുരേഷ് ഗോപി, കെ.ആര്. ഉമാകാന്തന്‍, ശ്രീശാന്ത്, ജെ.ആര്. പത്മകുമാര്‍, അഡ്വ.എസ്. സുരേഷ്, ബിഡിജെഎസ് നേതാക്കളായ ഡോ. രതീഷ് ചെങ്ങന്നൂര്‍, രാജേഷ് നെടുമങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: