തിരുവനന്തപുരം: ഭാരതാംബയെ ആക്ഷേപിക്കുന്നവരുടെ മുന്നില്‍ നിഷ്ക്രിയരായി നോക്കിനില്ക്കുന്നവര്ക്ക് ശരശയ്യയിലായ ഭീഷ്മരുടെ ഗതി വരുമെന്ന് കോഴിക്കോട് കുളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. മഹാഭാരതകഥയില്‍ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടത്തിയ ദുശ്ശാസനനെതിരെ പ്രതികരിക്കാത്തിന്റെ പശ്ചാത്താപമായാണ് ഭീഷ്മര്‍ സ്വമേധയാ ശരശയ്യയില്‍ കിടന്നത്. ഇന്ന് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഭാരതാംബയെ ഭാരതീയരായ അനേകം ദുശ്ശാസനന്മാര് അപമാനിതയാക്കുകയാണ്. ഇതില്‍ മൗനം പാലിച്ചാല്‍ നാം വലിയ വില നല്കേണ്ടിവരുെമന്നും അദ്ദേഹം പറഞ്ഞു.
അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്നുവരുന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലെ നവോത്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് എന്തെല്ലാം രാഷ്ട്രവിനാശകരമായ ധ്വംസനങ്ങള്‍ നടക്കുന്നു. ഇന്നത്തെ ഗതിവിഗതികള്‍ നാം തിരിച്ചറിയണം. ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ പങ്കടുക്കുന്ന ആര്‍ട്ട് ഒഫ് ലിവിംഗിന്റെ സമ്മേളനത്തിനെതിരെ വന്‍ കോലാഹലം നടക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മാതാ അമൃതാനന്ദമയിയും ബാബാ രാംദേവുമെല്ലാം അപമാനിതരായി.
രണ്ടുസമൂഹങ്ങളുടെ രണ്ടുതരം പ്രതികരണങ്ങള്‍ ഇവിടെ ദര്‍ശിക്കാം. യൂറോപ്പില്‍ നബിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ വര്‍ഗീയ ലഹളയുണ്ടായി. എന്നാല്‍ ഹിന്ദു ആരാധനാ പാത്രങ്ങളെ നഗ്നരായി ചിത്രീകരിച്ച വ്യക്തിക്ക് രവിവര്‍മ്മ പുരസ്കാരം നല്കി ആദരിച്ചു. ആവിഷ്കാര സ്വാതന്ത്ര്യം എന്നാണ് അതിനെ വ്യാഖ്യാനിച്ചത്. മുഹമ്മദുനബിയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലേഖനം ഒരു പത്രത്തില്‍ വന്നപ്പോള്‍ അക്രമപരമ്പരതന്നെയുയായി. പ്രതിഷേധിക്കും മുന്‍പുതന്നെ പത്രം ക്ഷമാപണവുമായി രംഗത്തുവന്നു.
മൃഗ ഹിംസയ്ക്കുമേല്‍ 24 നിയമങ്ങളുണ്ട്. 1950 കളിലും 60 കളിലും 70 കളിലുമാണ് ഈ നിയമം ഉണ്ടാക്കിയത്. പത്തുപേര്‍ അസത്യം വിളിച്ചുകൂവിയാല്‍ ജനം അത് വിശ്വസിക്കുകയാണ്.
വന്ധ്യ വയോധികനായ പേജാവര്‍ മഠാധിപതി വിശ്വേശ്വര തിര്‍ത്ഥ സ്വാമിയെ ഭീകരവാദിയെന്നാണ് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ചിത്രീകരിച്ചത്. ഈ സാഹചര്യത്തില്‍ ഭാരതം നിലനില്ക്കണമെന്ന് വിചാരിക്കുന്നവര്‍ ഒന്നിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ നാം തയ്യാറാകണമെന്നും അതിന് ഇത്തരം സമ്മേളനങ്ങള്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഡോ.എന്‍. ഗോപാലകൃഷ്ണന്റെ വേദപഠനത്തോടെയാണ് ഇന്നലെ സമ്മേളനം ആരംഭിച്ചത്. വൈകുന്നേരം ഡോ. മധുസൂദനന്‍പിള്ള ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. തുടര്‍ന്ന് കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്. മധുവിന്റെ പ്രഭാഷണവും നടന്നു. പ്രൊഫ. എം.എസ്. രമേശന്, അഡ്വ. മോഹന്‍കുമാര്‍, രതീഷ് മുണ്ടേല എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: