തിരുവനന്തപുരം: സംവരണ വിഷയത്തില്‍ നാടാര്‍ സമുദായത്തെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ. സംവരണം നല്‍കാമെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് വാങ്ങിയത്. ഇപ്പോള്‍ സമുദായത്തെ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്. ഈ നീതി നിഷേധത്തെ സഭ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് വോട്ടവകാശം ഇത്തവണയും ഉണ്ടെന്ന് ഓര്‍മിക്കുക. നീതി നിഷേധിക്കപ്പെട്ടവര്‍ പ്രതിഷേധിക്കുക തന്നെ ചെയ്യും. വോട്ടര്‍മാരുടെ ശക്തി എന്താണെന്ന് വിശ്വാസികള്‍ സര്‍ക്കാരിന് കാണിച്ചു കൊടുക്കണമെന്നും ക്ളിമീസ് ആവശ്യപ്പെട്ടു.
യു.ഡി.എഫ് സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ കൈയിലാണ്. സംസ്ഥാനത്ത് ഓടിനടന്നു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍, സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. സര്‍ക്കാരിന്റെ പത്തേക്കറോ മറ്റ് ആനുകൂല്യങ്ങളോ അല്ല തങ്ങള്‍ ചോദിക്കുന്നത്. അര്‍ഹതപ്പെട്ടതും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതുമാണ്.
ജനത്തിന്റെ കണ്ണീരിന് വിലയുണ്ടെന്ന കാര്യം ഉമ്മന്‍ചാണ്ടിയും സര്‍ക്കാരും മറക്കരുതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. വഞ്ചിക്കപ്പെട്ടവരുടെ പ്രതിഷേധമാവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രകടമാവുകയെന്നും അദ്ദേഹം പറഞ്ഞു.
നാടാര്‍ സമുദായത്തിന്റെ കണ്ണുനീരിന് സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരും. നീതി നിഷേധത്തെ സഭ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും ക്ലിമീസ് പറഞ്ഞു. നാടാര്‍ വോട്ട് വാങ്ങി തിരുവനന്തപുരത്ത് നിന്ന് വിജയിച്ച എം.എല്‍.എമാര്‍ ഇക്കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: