തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കും. ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും ആശുപത്രികളിലും ഒരു മണിക്കൂര്‍ അധികജോലി ചെയ്തായിരിക്കും കരിദിനം ആചരിക്കുന്നതെന്ന് കെജിഎംഒഎ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അസിസ്റ്റന്റ് സര്ജന്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് വിഭാഗത്തില്‍ 4750 രൂപയും അസിസ്റ്റന്റ് ഡയറക്ടര്‍, കണ്‍സള്‍ട്ടന്റ്, സിവില്‍ സര്ജന് വിഭാഗത്തില്‍ 10,500 രൂപയും ഡെപ്യൂട്ടി ഡയറക്ടര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് വിഭാഗത്തില്‍ 12,400 രൂപയും ഡി എച്ച് എസിന് 8,400 രൂപയുമാണ് അടിസ്ഥാന ശമ്പളത്തില്‍ നിന്ന് കുറച്ചത്.
സ്പെഷ്യല്‍ പേയിലും മറ്റ് അലവന്‍സുകളിലുമുള്ള അപാകതകളും പരിഹരിക്കണം. സിവില്‍ സര്ജന്, അസിസ്റ്റന്റ് സര്ജന് അനുപാതം മൂന്നിന് ഒന്ന് ക്രമത്തില്‍ വേണമെന്ന് ശമ്പള പരിഷ്കരണ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും അത് എങ്ങനെ മാറ്റണമെന്ന് യാതൊരു നിര്‍ദേശവും ഇല്ല.
പാവപ്പെട്ട രോഗികള്‍ക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്ന തരത്തില്‍ സ്പെഷ്യലിസ്റ്റുകളുടെ അടിസ്ഥാന ശമ്പളത്തില്‍ വര്‍ധനവ് നല്‍കുമെന്നും സൂപ്പര്‍ സ്പെഷ്യാലിറ്റി കേഡര്‍ രൂപീകരിക്കുമെന്നുമുള്ള ശമ്പള കമ്മീഷന് നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
തെറ്റുകള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും അവര്‍ പറഞ്ഞു. കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ വി. മധു, ഡോ അനില്‍, ഡോ ശ്യാംസുന്ദര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: