തിരുവനന്തപുരം: കേരളത്തില്‍ സിപിഎമ്മിന്റെയും എസ്എഫ്ഐയുടെയും വര്‍ധിച്ചുവരുന്ന ദളിത് പീഡനത്തിനും വഞ്ചനയ്ക്കും എതിരെ എബിവിപി സാമൂഹ്യനീതി യാത്ര സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ. പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് മുതല്‍ തിരുവനന്തപുരത്ത് വെങ്ങാനൂരിലെ മഹാത്മാ അയ്യങ്കാളിയുടെ ജന്മസ്ഥലത്തേക്ക് വാഹനപ്രചാരണ ജാഥയായാണ് സാമൂഹ്യനീതി യാത്ര സംഘടിപ്പിക്കുന്നത്. 29 ന് രാവിലെ ആര്‍എല്‍വി കോളേജില്‍ നിന്നാരംഭിക്കുന്ന സാമൂഹ്യനീതി യാത്ര മാര്‍ച്ച് ആറിന് വെങ്ങാനൂരില്‍ സമാപിക്കും.
ആര്‍എല്‍വി കോളേജില്‍ എസ്എഫ്ഐ നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ദളിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അധികാരികളെ ഉപയോഗിച്ചും ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തിയും അത്യാസന്ന നിലയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ മാനസികരോഗിയാക്കാനായിരുന്നു സിപിഎം നേതൃത്വം ശ്രമിച്ചത്. എംജി സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയെ ഇടതുപക്ഷ അധ്യാപകരും എസ്എഫ്ഐ നേതാക്കളും അപമാനിച്ച സംഭവവും ഒതുക്കി തീര്‍ത്തു.
കഴിഞ്ഞ ദിവസം കാലടി സംസ്കൃത സര്‍വകലാശാലയുടെ വഞ്ചിയൂര്‍ സബ്സെന്ററിലെ ശബരീഷ്, ലാല്‍കൃഷ്ണ എന്നീ രണ്ട് ദളിത് വിദ്യാര്‍ഥികളെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചിരുന്നു. കുറച്ചു വര്‍ഷങ്ങളായി പിന്നാക്ക വിഭാഗത്തില്‍ നിന്ന് നിരവധി വിദ്യാര്‍ഥികള്‍ എസ്എഫ്ഐ ബന്ധം ഉപേക്ഷിച്ച് എബിവിപിയില്‍ ചേരുന്നുണ്ട്. ഇതാണ് എസ്എഫ്ഐയെ പ്രകോപിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് എസ്എഫ്ഐയുടെ ദളിത് പീഡനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി എബിവിപി സാമൂഹ്യനീതി യാത്ര സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എബിവിപി സംസ്ഥാന സെക്രട്ടറി എ. പ്രസാദാണ് ജാഥാ നായകന്. സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്. കൃഷ്ണരാജ് ജാഥാ കോ-ഓര്‍ഡിനേറ്ററായിരിക്കും. ദീപു നാരായണന്, ബാബുല്‍ദേവ്, കെ. ഷിജില്‍, ശാന്തകുമാര്‍, ഹരിഗോവിന്ദ് സായി, എസ്. ശരത്ത് എന്നിവരാണ് സ്ഥിരം ജാഥാംഗങ്ങള്‍. വാര്‍ത്താ സമ്മേളനത്തില്‍ എബിവിപി ദേശീയ സമിതിയംഗം വിനീത് മോഹന്‍, ജില്ലാ കണ്‍വീനര്‍ അഖില്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: