തിരുവനന്തപുരം: രാജ്യസഭാ, നിയമസഭാ സീറ്റുവിഭജനത്തെചൊല്ലി ഇരുമുന്നണികളിലെയും അസ്വസ്ഥത പൊട്ടിത്തെറിയിലേക്ക്. രാജ്യസഭാ സീറ്റ് വിഭജനത്തില്‍ യുഡിഎഫില്‍ എ.കെ. ആന്റണിയും എം.പി.വീരേന്ദ്രകുമാറും സീറ്റുറപ്പിച്ചതാണ് അസ്വസ്ഥതയെങ്കില്‍ സിപിഎമ്മില്‍ എം.എ. ബേബിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയാണ് പുകച്ചില്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ജോസഫ് വിഭാഗവും ആര്‍എസ്പിയും നടത്തുന്ന വിലപേശലും കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധവും തലവേദനയായി. സിപിഎമ്മിനെ അലട്ടുന്നത് പാര്‍ട്ടിയെ ആര് നയിക്കും എന്നതാണ്. സിപിഎം സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ കൂട്ടത്തോടെ മത്സരിക്കാന്‍ നില്ക്കുന്നതും പാര്‍ട്ടിക്ക് പ്രശ്നമാണ്. വിഎസിന്റെ സീറ്റിനെ ചൊല്ലിയുള്ള വിവാദമാണ് മറ്റൊന്ന്.
എ.കെ. ആന്റണി ഇത്തവണയെങ്കിലും വഴിമാറി കൊടുക്കണമെന്ന അഭിപ്രായമുയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ആന്റണിക്കെതിരെ പരസ്യനിലപാടെടുക്കാന്‍ പലരും തയ്യാറല്ല. സിപിഎമ്മുമായി ചര്‍ച്ച നടത്തിയ ജനതാദള്‍ യുവിന് രാജ്യസഭാ സീറ്റ് നല്കി. എം.പി. വീരേന്ദ്രകുമാറിനെ കൂടെനിര്ത്തിയെങ്കിലും ഈ നടപടിയില്‍ ലീഗിനും കേരള കോണ്‍ഗ്രസിനും അതൃപ്തിയുണ്ട്.
സിപിഎമ്മിലെ ബേബി വിരുദ്ധവിഭാഗം രാജ്യസഭാ സീറ്റിനായി കെ.കെ. ഷൈലജയെ പരിഗണിക്കണമെന്നാവശ്യമാണ് ഉന്നയിക്കുന്നത്. രാജ്യസഭാസീറ്റില്‍ തങ്ങളോട് ആലോചിക്കാതെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചാല്‍ ഇടയാനാണ് സിപിഐയുടെ നീക്കം. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഉണ്ടായ ധാരണപ്രകാരം ഇത്തവണ രാജ്യസഭാ സീറ്റ് സിപിഐക്ക് കിട്ടേണ്ടതാണ്. ദേശീയ നിര്‍വാഹകസമിതിയംഗമായ ബിനോയി വിശ്വത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് സിപിഐയുടെ മനസ്സിലിരുപ്പ്.
സീറ്റ് വിഭജനം യുഡിഎഫിന് കീറാമുട്ടിയാണ്. കേരള കോണ്‍ഗ്രസിന് 15 സീറ്റ് വേണമെന്നും മലബാര്‍ മേഖലയില്‍ കൂടുതല്‍ സീറ്റ് വേണമെന്നും കെ.എം. മാണി പറഞ്ഞുകഴിഞ്ഞു. തന്നെ പരമാവധി നാറ്റിച്ച യുഡിഎഫിനോട് ഇനി വിട്ടുവീഴ്ച വേണ്ടെന്നാണ് മാണിയുടെ നിലപാട്. മാണിയോടൊപ്പമുള്ള ജോസഫ് ഗ്രൂപ്പ് പടിയിറങ്ങാന്‍ കച്ചകെട്ടിക്കഴിഞ്ഞു. ആറ് സീറ്റ് തങ്ങള്‍ക്കുവേണമെന്ന് നേരത്തെതന്നെ ജോസഫ് വിഭാഗം വിലപേശികഴിഞ്ഞു. മാത്രമല്ല അവര്‍ ഇടതുപക്ഷവുമായും കൂടിയാലോചനകള്‍ തുടങ്ങിക്കഴിഞ്ഞു. ഒരു സീറ്റിന്റെ കാര്യത്തില്‍ കൂടി
നീക്കുപോക്കായാല് തങ്ങള്‍ യുഡിഎഫ് വിടുമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ ഭീഷണി.
ജോസഫ് മാണി പോരും യുഡിഎഫിന് തലവേദനയാണ്. ആര്‍എസ്പിക്ക് എട്ട് സീറ്റ് വേണമെന്നും ഇരവിപുരത്ത് താന്‍തന്നെ മത്സരിക്കുമെന്നും കഴിഞ്ഞ ദിവസം എ.എ. അസീസ് എംഎല്‍എ രംഗത്തെത്തിയിരുന്നു. ഇരവിപുരം ആവശ്യപ്പെട്ട ലീഗിനെ എതിര്ത്തായിരുന്നുഅസീസിന്റെ പ്രഖ്യാപനം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കോണ്‍ഗ്രസ് ലീഗ് അകല്‍ച്ചയും പ്രശ്നമാണ്.
25 സീറ്റ് വേണമെന്നാണ്് യൂത്ത് കോണ്‍ഗ്രസ് ആവശ്യം. അവര്‍ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന് കൈമാറിയിട്ടുമുണ്ട്.
നയിക്കുന്നത് വിഎസോ പിണറായിയോ ഈ ചോദ്യമാണ് സിപിഎമ്മിനെ കുഴയ്ക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിഎസിനെ ഒഴിവാക്കി പിണറായി നയിക്കാന്‍ തീരുമാനിച്ചാല്‍ തിരിച്ചടിയാവുമെന്ന അഭിപ്രായമാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. വിഎസും പിണറായിയും മത്സരിക്കുന്ന കാര്യത്തില്‍ ഇന്നലെ ദല്‍ഹിയില്‍ നടന്ന യോഗത്തിലും ധാരണയായില്ല. പിണറായി ധര്‍മ്മടത്തുനിന്നും വിഎസ് മലമ്പുഴയില്‍നിന്നും മത്സരിക്കാനാണ് നിര്‍ദ്ദേശമെങ്കിലും വിഎസിനെ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്തുനിന്നും മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം വിഎസ് അനുകൂലികള്‍ ഉയര്‍ത്തികഴിഞ്ഞു.
ഇതിന് വി. ശിവന്‍കുട്ടി എംഎല്‍എയുടെ പിന്തുണയുമുണ്ട്. വിഎസും പിണറായിയും ഒരുമിച്ച് മത്സരിക്കുമ്പോള്‍ വിഎസിന് മലമ്പുഴയേക്കാള്‍ സുരക്ഷിതമണ്ഡലം കഴക്കൂട്ടമെന്നാണ് വിഎസ് അനുകൂലികളുടെ വാദം.
സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ മൂന്നിലൊന്നുപേര്‍ മത്സരിച്ചാല്‍ മതിയെന്നായിരുന്നു ധാരണയെങ്കിലും 15 അംഗ സെക്രട്ടേറിയറ്റിലെ 10 പേരും മത്സരിക്കാന്‍ താല്പര്യമുള്ളവരെന്നതാണ് സിപിഎമ്മിന്റെ പുതിയ പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: