തൊടുപുഴ: കെഎസ്യു നേതാവ് ഓടിച്ച കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. നിരോധനം ലംഘിച്ച് ന്യൂമാന്‍ കോളേജിനുള്ളില്‍ പ്രവേശിച്ച ഇന്നോവ കാറിടിച്ചാണ് കുമാരമംഗലം ലക്ഷ്മി നിവാസിലെ ഗോപിക ജയന് (പാര്‍വതി-19) പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം 5 മണിയോടെ അമിതവേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കോളേജിലെ ബിഎ ലിറ്ററേച്ചര്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പരിക്കേറ്റ ഗോപിക. അപകടം നടന്ന ഉടനെ ഓടിക്കൂടിയ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഗോപികയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോളേജിലെ തന്നെ ബികോം 3-ാം വര്‍ഷ വിദ്യാര്‍ത്ഥിയായ മുതലക്കോടം സ്വദേശി സിബി ജോസഫ് ഓടിച്ച കെഎല്‍ 38 ബി 3909 ഇന്നോവ കാറാണ് അപകടത്തിന് കാരണമായത്. കോളേജിനുള്ളില്‍ പുതുതായി നിര്‍മ്മിച്ച റോഡില്‍ നടപ്പാത ടൈല്‍ പാകുന്ന ജോലി പുരോഗമിച്ച് വരികയായിരുന്നു.
അമിത വേഗത്തിലെത്തി ഇത്തരത്തില്‍ ടൈല്‍ പാകിയ സ്ഥലത്ത് കയറിയ വണ്ടി നിയന്ത്രണം വിട്ട് സമീപത്ത് കൂട്ടി വച്ചിരുന്ന ടൈലില്‍ ഇടിച്ചതിന് ശേഷമാണ് വഴിയരികിലൂടെ നടന്ന് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ വിദ്യാര്‍ത്ഥിനി തെറിച്ച് പോയതായി ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ പറയുന്നു. സംഭവത്തില്‍ തൊടുപുഴ പോലീസ് കേസെടുത്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അലക്ഷ്യമായ ഡ്രൈവിംഗിനും അപകടം വരുത്തി വച്ചതിനുമായി 229, 337 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.
അതേസമയം നേതാക്കളിടപെട്ട് കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടന്നുവരികയാണ്. വിദ്യാര്‍ത്ഥിനിയുടെ തലയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. അപകടത്തിന് കാരണമായ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്ന തൊടുപുഴ പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: