കൊച്ചി: ലാവ്ലിന് കേസില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി ഉത്തരവിനെതിരെ സിബിഐ നല്കിയ പുനപരിശോധനാ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കോടതിയെ ഉപയോഗിക്കരുതെന്നു വ്യക്തമാക്കിയ ജസ്റ്റീസ് പി. ഉബൈദ് ഹര്‍ജി രണ്ടു മാസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.
കീഴ്ക്കോടതി ഉത്തരവുകള്‍ക്കെതിരായ നിരവധി ഹര്‍ജികള്‍ പരിഗണിക്കാനുള്ളപ്പോള്‍ ഈ കേസ് മാത്രം പ്രത്യേകമായി വേഗത്തില്‍ പരിഗണിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് എന്തെന്നു മനസിലാവുന്നില്ലെന്നു ഉത്തരവില്‍ പറയുന്നു. കേസിലെ എതിര്‍കക്ഷികള്‍ പറയുന്നത് രാഷ്ട്രീയ നേട്ടത്തിനായാണ് സര്‍ക്കാര്‍ ഇത്തരം ആവശ്യം ഉന്നയിക്കുന്നതെന്നാണ്. രാഷ്ട്രീയ നേട്ടത്തിനായി കോടതി മുറികളെ ഉപയോഗപ്പെടുത്താതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
2000 മുതലുള്ള കേസുകള്‍ കോടതിയുടെ പരിഗണന കാത്തിരിക്കുന്നുണ്ട്. ഇവയെ മറികടന്നു ഈ കേസ് വേഗത്തില്‍ വാദം നടത്തേണ്ട സാഹചര്യമില്ല. കഴിയുന്നത്ര വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കുന്നതിനു പരമാവധി ശ്രമം നടത്തുമെന്നു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഈ ഇപ്പോള്‍ കേസ് വേഗത്തില്‍ പരിഗണിക്കേണ്ട അസാധാരണ സാഹചര്യം നിലനില്ക്കുന്നില്ല- കോടതി വ്യക്തമാക്കി.
ഇന്നലെ ഹര്‍ജി പരിഗണിക്കവെ കേസില്‍ സിബിഐക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാവുമെന്നും ഇതിനായി അടുത്ത മാര്‍ച്ച് 17ലേയ്ക്ക് ഹര്‍ജി മാറ്റണമെന്നും സിബിഐ അഭിഭാഷകന് കോടതിയോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ കോടതി സര്‍ക്കാരിന്റെയും കേസിലെ എതിര്കക്ഷികളുടേയും അഭിപ്രായം തേടി. ലാവ്ലിന് കേസുമായി ബന്ധപ്പെട്ടു നിരവധി രേഖകള്‍ ഹാജാക്കാനുണ്ടെന്നും ഒട്ടനവധി റെക്കോര്‍ഡുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളുടെ അഭിഭാഷകര്‍ പറഞ്ഞൂ.
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് സര്‍ക്കാരിന്റെ നീക്കമെന്നും ഇത്തരം നടപടികള്‍ക്കു അനുമതി നല്‍കരുതെന്നും എതിര്‍ക്ഷികള്‍ വാദിച്ചു. എന്നാല്‍ സര്‍ക്കാരിനു വന്‍ നഷ്ടമുണ്ടായ കേസ് വേഗത്തില്‍ പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നും സര്‍ക്കാര്‍ വാദിച്ചു. കേസില്‍ സിബിഐക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാവുമെന്നും വളരെ പ്രധാന്യമേറിയ കേസാണിതെന്നും സിബിഐയും വാദിച്ചു. അടിയന്തര സാഹചര്യമില്ലെന്നു വിലയിരുത്തിയ കോടതി ഹര്‍ജി രണ്ടു മാസം കഴിഞ്ഞ് വാദം കേള്‍ക്കാമെന്നു വ്യക്തമാക്കുകയായിരുന്നു.
സര്‍ക്കാരിനു വേണ്ടി ഹാജരാവേണ്ട പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.അസഫലി ഈ സമയം ഹാജരായിരുന്നില്ല. പിന്നീട് കേസില്‍ ഉത്തരവ് നല്കിയ ശേഷം ടി.അസഫലി കേസ് വേഗത്തിലാക്കുന്നതിനു അനുമതി നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരസിച്ചു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനു 374.50 കോടി രൂപയുടെ കരാര്‍ നല്‍കിയതില്‍ സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടായെന്നാണ് കേസ്. സിബിഐ അന്വേഷിച്ച ഈ കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ 2013 നവംബര്‍ അഞ്ചിനാണ് സിബിഐ കോടതി കുറ്റവിമുക്തരാക്കിയത്.
ഇതിനെതിരെ സിബിഐയും ക്രൈം എഡിറ്റര്‍ ടി. പി. നന്ദകുമാര്‍, വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന കെ.എം. ഷാജഹാന് തുടങ്ങിയവരുമാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.
നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനു ശേഷം മാത്രമാവും പുനപരിശോധനാ ഹര്‍ജി കോടതി പരിഗണിക്കുന്നത്. കോടതി വേനല്‍ അവധിക്ക് പിരിയുന്നതിനാല്‍ പുതിയ ബെഞ്ചാവും ഹര്‍ജി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: