തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കുളത്തിലുണ്ടായിരുന്ന കല്‍മണ്ഡപം ആചാരവിരുദ്ധമായി പൊളിച്ചത് പുനര്‍നിര്‍മിക്കുന്നത് അനിശ്ചിതത്വത്തില്‍. ക്ഷേത്രക്കുളം നവീകരിച്ച് ശുദ്ധിയാക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ ചുവടുപിടിച്ചാണ് ക്ഷേത്രഭരണം നിര്‍വഹിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്‍മണ്ഡപം പൊളിച്ചത്. ഭക്തജനങ്ങളുടെയും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയും ഹിന്ദുസംഘടനകളുടെയും എതിര്‍പ്പ് വകവയ്ക്കാതെയായിരുന്നു ഇത്.
തുടര്‍ന്ന് ശക്തമായ പ്രതിഷേധം നാലുഭാഗത്തു നിന്നും ഉയര്‍ന്നതോടെ കല്‍മണ്ഡപം പുനര്‍നിര്‍മിക്കാമെന്ന് ഉറപ്പുനല്‍കി കുളംനവീകരണത്തിന്റെ ചുമതലയുണ്ടായിരുന്ന കളക്ടര്‍ ബിജു പ്രഭാകര്‍ തത്കാലം തടിയൂരുകയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച നടപടിക്രമം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ ഇന്നലെ വിളിച്ചുചേര്‍ത്ത ഉന്നതലതല സമിതി തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. പകരം ഇന്ന് ഡോ എം.വി. നായര്‍ ചെയര്‍മാനും രാജകുടുംബാംഗം ആദിത്യവര്‍മ, എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ്, എം.ജി. ശശിഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളുമായുള്ള കണ്‍സര്‍വേഷന്‍ കമ്മറ്റി തീരുമാനിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായ ഉന്നതതല സമിതിയുടെ നിലപാട്.
കളക്ടര്‍ ബിജു പ്രഭാകറിന്റെ ഉറപ്പനുസരിച്ച് ഇന്നലെ കല്മണ്ഡപത്തിന്റെ പുനഃസ്ഥാപന ജോലികള്‍ സംസ്ഥാന നിര്‍മിതി കേന്ദ്രം ആരംഭിക്കുമെന്നായിരുന്നു ഭക്തജനങ്ങള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ട് ഉന്നതതല യോഗം വിളിച്ച് ചര്‍ച്ചയ്ക്കുശേഷം മണ്ഡപ പുനര്‍നിര്‍മാണം ആരംഭിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. മന്ത്രിമാരായ കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ബന്ധപ്പെട്ട് മറ്റുദ്യോഗസ്ഥര്‍ എന്നിവരായിരുന്നു ഉന്നതതല യോഗത്തില്‍ പങ്കെടുത്തത്.
ക്ഷേത്രക്കുളമായ പദ്മതീര്‍ഥത്തില്‍ സ്ഥിതിചെയ്തിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്‍മണ്ഡപം പൊളിച്ചത് തെറ്റായിപ്പോയെന്നാണ് ഉന്നതതല സമിതിയും വിലയിരുത്തിയതെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഇത് യോഗത്തിന്റെ പൊതുവികാരമായിരുന്നു. പുരാവസ്തു പ്രാധാന്യമുള്ളവ നവീകരിക്കുമ്പോള്‍ പുരാവസ്തു വകുപ്പിന്റെ നിര്‍ദ്ദേശം ആരായുകയും അവരുടെ സാന്നിധ്യം ഉറപ്പാക്കുകയും വേണമായിരുന്നു. പുരാവസ്തുസ്മാരകങ്ങള്ക്ക് കോട്ടംതട്ടുന്ന നടപടി സ്വീകരിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ സുപ്രീംകോടതി നിര്ദ്ദേശമുണ്ടായിരുന്നതിനാലാണ് കുളം നവീകരിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയത്. ഇത് സംബന്ധിച്ച് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് സുപ്രീംകോടതി നിര്‍ദ്ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്രയൊക്കെ പറയുമ്പോഴും കല്‍മണ്ഡപം എന്തു സാങ്കേതികവിദ്യ ഉപയോഗിച്ച് ആര്, എങ്ങനെ, എപ്പോള്‍ പുനര്‍നിര്‍മിക്കുമെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. തീരുമാനം കണ്‍സര്‍വേഷന്‍ കമ്മറ്റിക്ക് വിട്ട് സര്‍ക്കാരും വിവാദത്തില്‍നിന്ന് തലയൂരാനാണ് ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. നവീകരണത്തിന്റെ പേരില്‍ ക്ഷേത്രാചാരങ്ങള്‍ക്കും ക്ഷേത്രത്തിന്റെ ഘടനാപരമായ സംവിധാനങ്ങള്‍ക്കും മാറ്റം വരുത്തുന്നതിന് പുറകില്‍ ഗൂഢശക്തികളുടെ പ്രവര്‍ത്തനമുണ്ടെന്നും ഭക്തജനങ്ങള്‍ക്ക് ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: