തിരുവനന്തപുരം: സംസ്ഥാനത്തെ നഗരഗ്രാമപ്രദേശങ്ങളില്‍ വികേന്ദ്രീകൃതാസൂത്രണത്തിലൂന്നിയ വികസനം നിര്‍ബന്ധമാക്കുന്ന 2015ലെ കേരള നഗര-ഗ്രാമാസൂത്രണ ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷം ബഹിഷ്കരിച്ചതിനാല്‍ ചര്‍ച്ച കൂടാതെയാണ് ബില്‍ പാസാക്കിയത്. കേരള അര്‍ബണ്‍ ആര്‍ട്ട് കമ്മീഷന്, സംസ്ഥാന ടൗണ്‍ ആന്റ് കണ്ട്രി പ്ലാനിംഗ് ബോര്‍ഡ് എന്നിവ ബില്‍ പാസാവുന്നതോടെ രൂപവത്ക്കരിക്കും. ഭൂമിയുടെ ആസൂത്രണ വികസനത്തിന് ലാന്‍ഡ് പൂളിംഗ്, ലാന്‍ഡ് ബാങ്കിംഗ്, ലാന്‍ഡ് റീ അഡ്ജെസ്റ്റ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കും.
ഭൂമിശാസ്ത്രപരം, ഭൗതികം, പ്രകൃതി വിഭവം, പരിസ്ഥിതി തുടങ്ങിയ മേഖലയിലെ നിര്‍ണ്ണായക ഘടകങ്ങള്‍ അടങ്ങിയ പരിപ്രേക്ഷ്യരൂപരേഖ, ഇത് നടപ്പാക്കുന്നതിനുള്ള നിര്‍വ്വഹണ രൂപരേഖ എന്നിങ്ങനെ രണ്ട് ഘടകങ്ങളാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. വികസന രൂപരേഖയെ പഞ്ചവത്സര- വാര്‍ഷിക പദ്ധതിയുമായി സംയോജിപ്പിക്കുന്ന നിര്‍ദ്ദേശങ്ങളുണ്ട്.
നമ്മുടെ സംസ്ഥാനത്തിന്റെ പ്രകൃതി വിഭവങ്ങള്‍, ഭൗതിക വിഭവങ്ങള്‍, മാനവശേഷി എന്നിവയുടെ സുവിനിയോഗം കൊണ്ടു വരിക എന്ന ലക്ഷ്യത്തിന്റെ പ്രധാന ചുവടുവെയ്പാണ് പുതിയ നിയനം. പ്ലാനിന് അനുമതി ലഭിച്ച് രണ്ടു വര്‍ഷത്തിനകം പ്ലാനില്‍ ഭൂമിയേറ്റെടുക്കുന്നതിനായി നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലം ഏറ്റെടുത്തില്ലെങ്കില്‍ ഭൂ ഉടമയ്ക്ക് മുനിസിപ്പാലിറ്റിയില്‍/ പഞ്ചായത്തില്‍ പര്‍ച്ചേസ് നോട്ടീസ് നല്‍കാവുന്നതാണ്. ഭൂമി ഏറ്റെടുക്കുന്നതിന് നഗരസഭ/പഞ്ചായത്ത് അല്ലെങ്കില്‍ ബന്ധപ്പെട്ട വകുപ്പ് നടപടി സ്വീകരിക്കാത്ത പക്ഷം ഉടമയ്ക്ക് സ്വന്തം ഭൂമി വികസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു.
സംസ്ഥാനത്തിനാകെയായി പെര്‍സ്പെക്ടീവ് പ്ലാന്‍, ജില്ലാ വികസന പ്ലാന്‍, മെട്രോപോളിറ്റന്‍ പ്രദേശ വികസന പ്ലാന്‍, മുനിസിപ്പാലിറ്റിക്കും ഗ്രാമപഞ്ചായത്തിനും മാസ്റ്റര്‍പ്ലാന്‍, ഡീറ്റൈല്‍ഡ് ടൗണ്‍ പ്ലാനിംഗ് സ്കീമുകള്‍ എന്നീ വികസന രൂപരേഖകളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ജില്ലാ ആസൂത്രണം ജില്ലാ പ്ലാനിംഗ് കമ്മിറ്റിയും മെട്രോപൊളിറ്റന്‍ സിറ്റികളുടെ ആസൂത്രണം മെട്രോപൊളിറ്റന്‍ കമ്മിറ്റിയും പ്രാദേശികാസൂത്രണം മുനിസിപ്പാലിറ്റി/ ഗ്രാമപഞ്ചായത്ത് എന്നിവയുമാണ് നടത്തുക. വികസന രൂപരേഖകള്ക്കെല്ലാം ദിശാബോധം നല്‍കുന്നതാണ് പുതിയ നിയമം. പ്രദേശത്തിന്റെ സവിശേഷതകളെ കേന്ദ്രീകരിക്കാനും പ്രധാന മേഖലകളെ ഏകോപിപ്പിക്കുന്നതിനും സാധിക്കുമെന്ന പ്രത്യേകതയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
അതുപോലെ ദേശീയ, സംസ്ഥാനതല സാമ്പത്തികാസൂത്രണവും തദ്ദേശ തലത്തിലെ പ്രാദേശികാസൂത്രണവും തമ്മിലുള്ള വലിയ അന്തരത്തിന് ഇതിലൂടെ പരിഹാരമാവും. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികേന്ദ്രീകൃതാസൂത്രണത്തില്‍ കൈ കടത്തുവാന്‍ പുതിയ നിയമം അനുവദിക്കുന്നില്ലെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: