ന്യൂദല്‍ഹി: രാജ്യത്തിന്റെ വികസനം ഒരു കഥയാക്കുകയാണെങ്കില്‍ അതില്‍ ദുര്‍മന്ത്രവാദിനിയുടെ റോള്‍ ആയിരിക്കും ഇടതുപക്ഷത്തിനെന്ന് ബിജെപി എംപി മീനാക്ഷി ലേഖി. ലോക്സഭയില്‍ രാഷ്ട്രപതിയുടെ നയപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് മീനാക്ഷി ലേഖി ഇടതുപാര്‍ട്ടികളെ ദുര്‍മന്ത്രവാദിനിയോട് ഉപമിച്ചത്.
കുട്ടിക്കാലത്ത് നമ്മളെല്ലാം യക്ഷിക്കഥകള്‍ കേട്ടിട്ടുണ്ടാകും. എല്ലാ കഥകളിലും പ്രേതങ്ങളും ദുര്മന്ത്രവാദിനികളുമുണ്ടാകും. ഭാരതമെന്ന രാജ്യത്തിന്റെ വിജയകഥയിലെ ദുര്‍മന്ത്രവാദിനികളാണ് ഇടതുപാര്‍ട്ടികള്‍, മീനാക്ഷിലേഖി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടതുകക്ഷികള്‍ ക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുകയാണ്. ക്യാമ്പസുകളില്‍ കയ്യൂക്കിന്റെ ബലത്തില്‍ ക്രൂരകൃത്യങ്ങള്‍ ചെയ്യുകയും അവയെ വെള്ളപൂശുകയും ചെയ്യുകയാണവര്‍. ഇടതുപാര്‍ട്ടികള്‍ നടത്തുന്നത് താലിബാന് മോഡല്‍ കൊലപാതകങ്ങളാണെന്നും ലോക്സഭയിലെ ഇടതംഗങ്ങളുടെ പ്രതിഷേധത്തിനിടെ മീനാക്ഷി ലേഖി പറഞ്ഞു.
ആഗോള സാമ്പത്തികരംഗത്തെ പ്രശ്നങ്ങള്‍ മറികടന്ന് രാജ്യത്തെ സുരക്ഷിതമായ വികസന സാഹചര്യത്തിലേക്കെത്തിക്കാന് പ്രധാനമന്ത്രി ശ്രമിക്കുമ്പോള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെയ്ക്കാനാണ് ഇടതുപാര്‍ട്ടികളുടെ ശ്രമമെന്നും മീനാക്ഷി ലേഖി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: