തൃശൂര്‍/കൊച്ചി: കൊലക്കേസ് പ്രതി സിപിഎം നേതാവ് പി. ജയരാജനെ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ സിപിഎം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ തൃശൂരില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് ജയരാജനെ പ്രവേശിപ്പിച്ച അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പരിസരത്തുമായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ വിളയാട്ടം ആദ്യം. വൈകിട്ട് എറണാകുളം ജനറല്‍ ആശുപത്രിയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ നടത്തി. രാത്രി എട്ടുമണിയോടെ ജയരാജനെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ ജയരാജന് വിദഗ്ദ്ധ ആരോഗ്യ പരിശോധനയ്ക്കായി, കോടതി നിര്‍ദ്ദേശ പ്രകാരം, ചൊവ്വാഴ്ച രാത്രിയാണ് കോഴിക്കോട് നിന്ന് മെഡിക്കല്‍ ആംബുലന്‍സില്‍ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടുപോയത്. രാത്രി ഒന്നരയോടെ കുന്നംകുളം – തൃശൂര്‍ സംസ്ഥാനപാതയില്‍ പേരാമംഗലത്ത് ആംബുലന്‍സ് അപകടത്തില്‍പ്പെടുകയായിരുന്നു. ആംബുലന്‍സിന്റെ മൂന്ന് ടയറുകളും ഒരേസമയം പഞ്ചറായി. തുടര്‍ന്ന് അടുത്തുള്ള അമല മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവമറിഞ്ഞതോടെ സിപിഎം -ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ തടിച്ചുകൂടുകയും ഡോക്ടര്‍മാരോടും നഴ്സുമാരോടും പോലീസിനോടും തട്ടിക്കയറുകയും ചെയ്തു. ജയരാജനെ അപായപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാരോപിച്ചായിരുന്നു സിപിഎം പ്രകടനം. ആശുപത്രിയില്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ ജയരാജന് കുഴപ്പമൊന്നുമില്ലെന്ന് വ്യക്തമായിട്ടും അണികള്‍ അടങ്ങാന്‍ തയ്യാറായില്ല.
നേരത്തെ വന്നവര്‍ കൂടുതല്‍ പേരെ ഫോണ്‍ വഴി വിളിച്ചുവരുത്തിക്കൊണ്ടിരുന്നു. ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലവിളി മുഴക്കിയ ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ നിയന്ത്രണം വിടുമെന്ന ഘട്ടമായതോടെ കൂടുതല്‍ പോലീസെത്തി നിയന്ത്രിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെ ജയരാജനെ ശ്രീചിത്രയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞു. ഡോക്ടര്‍മാരേയും പോലീസിനേയും ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് സിപിഎം ജില്ലാസെക്രട്ടറി എ.സി.മൊയ്തീനും മുതിര്‍ന്ന നേതാക്കളും സ്ഥലത്തെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് ആംബുലന്‍സ് പോകാന്‍ അനുവദിച്ചത്.
സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സിപിഎം ആസൂത്രണം ചെയ്ത നാടകമായിരുന്നു സംഭവമെന്നും സംശയം ഉയരുന്നുണ്ട്. കോഴിക്കോട് നിന്ന് പുറപ്പെട്ടതുമുതല്‍ ആംബുലന്‍സിനെ ചിലര്‍ പിന്തുടര്‍ന്നിരുന്നതായി പറയുന്നു. ടയറുകള്‍ ഒരേസമയം പഞ്ചറായതിന് പിന്നിലും ദുരൂഹതയുണ്ട്. സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള പുതിയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
വൈകിട്ട്, കൊച്ചി ജനറല്‍ ആശുപത്രിയില്‍ ജയരാജനെ പരിശോധനയ്ക്ക് പ്രവേശിപ്പിച്ചപ്പോഴും സിഐടിയുക്കാര്‍ അഴിഞ്ഞാടി. മാധ്യമപ്രവര്‍ത്തകരെ അവര്‍ മര്‍ദ്ദിച്ചു. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിന്റെ ഫോട്ടോഗ്രാഫര്‍ വി. എന്‍. കൃഷ്ണ പ്രകാശിനെ സിഐടിയുക്കാര്‍ വളഞ്ഞുവെച്ച് മര്‍ദ്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: