കൊച്ചി: ബാര്‍ കോഴക്കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജലിന്‍സ് കോടതിയുടെ ഉത്തരവിനെതിരെ എക്സൈസ് മന്ത്രി കെ ബാബുവു നല്കിയ ഹര്‍ജി വിശദവാദത്തിനായി ഹൈക്കോടതി മാര്‍ച്ച് ഒന്നിലേയ്ക്ക് മാറ്റി. ജസ്റ്റീസ് പി ഉബൈദിന്റെതാണ് തീരുമാനം. പൊതുതാല്പര്യഹര്ജി പരിഗണിക്കുന്ന ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വിളിച്ചു വരുത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ഈ ഹര്‍ജിയും പൊതുതാല്പര്യഹര്ജിയോടൊപ്പം പരിഗണിക്കണമെന്നും തൃശൂര്‍വിജിലന്‍സ് കോടതിയിലെ പരാതിക്കാരനായ ജോര്‍ജ് വട്ടുകുളത്തിന്റെ അഭിഭാഷകന് ഹൂദ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു പരിഗണിക്കുന്നതിനാണ് ഹര്‍ജി മാര്‍ച്ച് ഒന്നിലേയ്ക്ക് മാറ്റിയത്.
ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ബാബുവിനെതിരായ അന്വേഷണം താല്‍ക്കാലികമായി തടഞ്ഞൂ. പത്ത് ദിവസത്തിനുള്ളില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു. ഇന്നലെ ഹര്‍ജി പരിഗണിക്കവെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിച്ചു കൂടെയെന്നു കോടതി ചോദിച്ചു. നിലവിലെ അവസരത്തില്‍ വിജിലന്‍സ് കോടതിയുടെ നടപടികളില്‍ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: