കൊച്ചി: രാഷ്ട്രപതി ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന മുസിരിസ് പ്രോജക്ട് വിവാദത്തില്‍. പദ്ധതിയുടെ ഭാഗമായ പാലിയം കോവിലകവും നാലുകെട്ടും സംരക്ഷിക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും കൊട്ടാരവും തമ്മിലുണ്ടാക്കിയ കരാര്‍ കാലഹരണപ്പെട്ട സാഹചര്യത്തില്‍ പൂര്‍ത്തിയാകാത്ത പദ്ധതി ഉദ്ഘാടനം ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി പാലിയം ട്രസ്റ്റ് രാഷ്ട്രപതിക്ക് നിവേദനം നല്കി. കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ് ആവശ്യപ്പെട്ട് പാലയം ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ശനിയാഴ്ചയാണ് രാഷ്ട്രപതി കൊടുങ്ങല്ലൂരില്‍ പ്രോജക്ട് ഉദ്ഘാടനം ചെയ്യുന്നത്.
കോടികള്‍ ചെലവഴിച്ച് പാലിയം കൊട്ടാരം സംരക്ഷിച്ച് മ്യൂസിയമാക്കി ബഹുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനുള്ള പദ്ധതി വര്‍ഷം ഏഴു കഴിഞ്ഞിട്ടും പണി പൂര്‍ത്തിയായിട്ടില്ല. 2014 സെപ്തംബര്‍ 14-ന് സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം വകുപ്പും തമ്മിലുണ്ടാക്കിയ കരാര്‍ കാലാവധി കഴിഞ്ഞു. എന്നാല്‍ ആവര്ത്തിച്ചാവശ്യപ്പെട്ടശേഷം പുതുക്കാന്‍ ഉണ്ടാക്കിയ കരാറില്‍ മുന്‍ വ്യവസ്ഥകള്‍ ലംഘിക്കുകയായിരുന്നുവെന്ന് ട്രസ്റ്റ് മാനേജര്‍ കൃഷ്ണബാലന്‍ പാലിയത്ത് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് ഈ കരാര്‍ പുതുക്കുന്നതില്‍ താല്പര്യമില്ല. ട്രയല്‍ റണ്‍ എന്ന പേരില്‍ ഇടയ്ക്ക് മ്യൂസിയം തുറന്നുകൊടുത്തിട്ടു രണ്ടുവര്‍ഷമായി. ഇതുവരെ പണി പൂര്‍ത്തിയാക്കിയിട്ടില്ല. പണി പൂര്‍ത്തിയാക്കി ഉടമസ്ഥതയും നടത്തിപ്പും പാലിയം കൊട്ടാരത്തിനു നല്‍കാമെന്ന ധാരണയോടെ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ കാലത്താണ് ഈ പദ്ധതി തുടങ്ങിയത്. എന്നാല്‍ ഇനിയും പൂര്‍ത്തിയാക്കാത്ത പദ്ധതിയില്‍ കരാര്‍ കഴിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തെഴുതിയിട്ടും നടപടിയൊന്നും എടുത്തിട്ടില്ലെന്ന് ട്രസ്റ്റ് മാനേജര്‍ പറഞ്ഞു.
പാലിയം മ്യൂസിയത്തിന്റെ തുടര്പ്പണി പൂര്‍ത്തിയാക്കണം, എന്നാല്‍ അത് പുതിയ കരാര്‍ ഉണ്ടാക്കിയശേഷമേ ആകാവൂ എന്നും അങ്ങനെ തര്‍ക്കത്തില്‍ കിടക്കുന്ന ഒരു പദ്ധതിയുടെ ഉദ്ഘാടനം രാഷ്ട്രപതിയെക്കൊണ്ടു ചെയ്യിക്കുന്നതില്‍ അപാകതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ട്രസ്റ്റ് സെക്രട്ടറി ഹൈക്കോടതിയിലുള്ള ഹര്‍ജിയില്‍ അതിവേഗ തീര്‍പ്പിന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: