തൃശൂര്‍ : കതിരൂര്‍ മനോജ് കേസില്‍ പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് സഞ്ചരിച്ച ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ തൃശൂരില്‍ വച്ചായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജയരാജനെ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജയരാജനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആയിരുന്നു അപകടം. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സ് പുലര്‍ച്ചെ തൃശൂരിലെ പേരാമംഗലത്ത് റെയില്‍വേ കൈവരിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഓടിക്കൊണ്ടിരിക്കെ ടയറ് പഞ്ചറായതിനെ തുടര്‍ന്ന് നിര്‍ത്താന്‍ ശ്രമിക്കവെ വാഹനം അപകടത്തില്‍ പെടുകയായിരുന്നുവെന്ന് ആംബുലന്യി ഡ്രൈവര്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന ആരോപണം ഡ്രൈവര്‍ നിഷേധിച്ചിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം യുപി ജോസഫിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരാണ് അമല ആശുപത്രിക്ക് മുന്പില് പ്രതിഷേധിക്കുകയാണ്. ബന്ധുക്കളും കണ്ണൂരിലെ സിപിഎം നേതാക്കളും എത്താതെ ജയരാജനെ ഇവിടെ നിന്നും കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ വാദം.
ജയരാജന് വിദഗ്ധ പരിശോധന വേണമെന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റാന്‍ കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: