തലശ്ശേരി: മനോജ് വധക്കേസിലെ പ്രതി പി.ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് സിബിഐ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് 29ലേക്ക് മാറ്റി. മൂന്നാം തവണയാണ് ഹര്‍ജി മാറ്റിവെക്കുന്നത്. വിപ്ലവ പാര്‍ട്ടിയുടെ നേതാവ് സിബിഐ കസ്റ്റഡിയെ എന്തിനാണ് ഭയക്കുന്നതെന്ന് ജഡ്ജ് പ്രതിഭാഗം അഭിഭാഷകനോട് ചോദിച്ചു.
വിവിധതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ആവര്‍ത്തിക്കുന്ന പി.ജയരാജന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന യാതൊരു മെഡിക്കല്‍ റിപ്പോര്‍ട്ടും ഡോക്ടറോ അദ്ദേഹത്തെ പരിശോധിച്ച മെഡിക്കല്‍ സംഘമോ ഇതുവരെ കോടതിക്ക് നല്‍കിയിട്ടില്ലെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. പ്രതിപ്പട്ടികയിലുള്ള ജയരാജന്റെ കസ്റ്റഡി അന്വേഷണം അന്വേഷണ സംഘത്തിന്റെ നിയമപരമായ അവകാശവും ആവശ്യകതയുമാണ്. പ്രതിപ്പട്ടികയിലുള്ള ആള് പോലീസ് കസ്റ്റഡിയിലാണെന്ന മാനസികാവസ്ഥയില്‍ പൂര്‍ണ്ണമായും എത്തിച്ചേരുന്നതിലൂടെ മാത്രമേ ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ വ്യക്തവും സത്യസന്ധവുമായ മറുപടി ലഭിക്കുകയുള്ളൂ. അന്വേഷണത്തിന്റെ ആവശ്യകതയാണ് കസ്റ്റഡിയെന്നും സിബിഐ പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.
ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന പ്രതിഭാഗത്തിന്റെ വാദത്തെ പരിഹസിച്ച് പ്രതിയെ ചോദ്യം ചെയ്യുക എന്നത് മധ്യസ്ഥ ചര്‍ച്ചയല്ലെന്നും മറിച്ച് വസ്തുതകള്‍ ശേഖരിക്കുന്നതിനുള്ള നിയമപരമായ നടപടിയാണെന്നും സിബിഐ പ്രോസിക്യൂട്ടര്‍ പറഞ്ഞു. സിബഐ അന്വേഷണ സംഘത്തോട് പി.ജയരാജന് കൃത്യമായി സഹകരിച്ചിട്ടില്ല. ഒരുതവണ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും പിന്നീട് ആവശ്യംവരുന്ന മുറക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാമെന്നുള്ള ഉറപ്പിന്മേലാണ് അദ്ദേഹം പോയത്.
പിന്നീട് നോട്ടീസ് അയച്ച ഘട്ടങ്ങളിലെല്ലാം ബോധപൂര്‍വ്വം ഹാജരാകാതിരിക്കുകയോ, നെഞ്ച് വേദനയെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ആണ് ചെയ്തത്. അന്വേഷണത്തോട് സഹകരിക്കില്ലെന്ന നിലപാടാണ് പ്രതിഭാഗം സ്വീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ പരിശോധനയില്‍ കാര്യമായ അസുഖങ്ങള്‍ ഇല്ലെന്ന് വ്യക്തമായിരിക്കെ നെഞ്ച്വേദനയുണ്ടെന്ന് ആവര്‍ത്തിക്കുന്നത് മാനസിക ആരോഗ്യ പ്രശ്നമാവാമെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു.
ജയരാജന്റെ പേരില്‍ കുറ്റമാരോപിക്കുന്ന സിബിഐ അതിന് തെളിവായ രേഖകള്‍ ഹാജരാക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ആരോപണങ്ങള്‍ മാത്രമാണ് സിബിഐ നടത്തുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ കേസ് സംബന്ധിച്ച സിഡി നേരത്തെ ഹൈക്കാടതിക്ക് സിബിഐ നല്‍കിയിട്ടുണ്ടെന്നും സെഷന്‍സ് കോടതിയിലും എപ്പോള്‍ വേണമെങ്കിലും സിഡി ഹാജരാക്കാമെന്നും സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധന നടത്തിയ ശേഷം കോടതി കസ്റ്റഡി അനുവദിച്ചാല്‍ മതിയെന്ന് പ്രൊസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി.
മനോജ് വധത്തില്‍ അറസ്റ്റിലായ മറ്റ് പ്രതികളില്‍ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ പി.ജയരാജനെ ചോദ്യം ചെയ്യേണ്ടതാണെന്നും അത് അന്വേഷണ സംഘത്തിന് കേസ് സംബന്ധിച്ച് വ്യക്തതയ്ക്കാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. കടുത്ത ശാരീരിക ആരോഗ്യ പ്രതിസന്ധികള്‍ നേരിടുന്ന പി.ജയരാജനെ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യുന്നതിനെ ആരും എതിര്‍ക്കില്ലെന്നും എന്നാല്‍ കസ്റ്റഡിയില്‍ ലഭിച്ച ശേഷമേ ചോദ്യം ചെയ്യുകയുള്ളൂ എന്ന സിബിഐ ആവശ്യം ദുരൂഹമാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഡ്വ.വിശ്വന് കോടതിയില്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: