തൃശൂര്‍: പാമോയില്‍ കേസില്‍ മുന്‍ചീഫ് സെക്രട്ടറി പത്മകുമാറിനെയും അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യുവിനേയും കേസില്‍ നിന്ന് വിജി. കോടതി ഒഴിവാക്കിയതോടെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫ, വകുപ്പ് സെക്രട്ടറിയായിരുന്ന പി.ജെ.തോമസ് എന്നിവരും പാമോയില്‍ ഇറക്കുമതിക്ക് അനുമതി ലഭിച്ച പവര്‍ ആന്റ് എനര്‍ജി കമ്പനിയും ചെന്നൈ മാലാ ട്രേഡിങ് കോര്പ്പറേഷന് പ്രതിനിധിയും ഉള്‍പ്പെടെ അഞ്ച് പ്രതികളാണ് കേസില്‍ ഇനിയുള്ളത്.
1993ലെ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളായിരുന്നു കേസിന് ആധാരം. ചട്ടങ്ങള്‍ മറികടന്ന് മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്തതിലൂടെ സര്‍ക്കാരിന് രണ്ട് കോടിയിലധികം രൂപ നഷ്ടം സംഭവിച്ചുവെന്നായിരുന്നു കേസ്.1991-92 കാലയളവിലായിരുന്നു കേസിനാസ്പദമായ സംഭവം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാമോയിലിന് 392.25 ഡോളര്‍ ടണ്ണിനു വിലയുണ്ടായിരുന്നപ്പോള്‍ 405 ഡോളര്‍ എന്ന കൂടിയ വിലക്ക് പതിനയ്യായിരം ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തുവെന്നാണ് കണക്ക്. ഇതു മൂലം 2.32 കോടിയുടെ നഷ്ടമുണ്ടായെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞു. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്, ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ, ചീഫ് സെക്രട്ടറി കെ. പത്മകുമാര്‍, അഡീ. സെക്രട്ടറി സക്കറിയാ മാത്യു, സിവില്‍ സപൈഌസ് കോര്പറേഷന് മാനേജിങ്ങ് ഡയറക്ടര്‍ ജിജി തോംസണ്‍, വകുപ്പ് സെക്രട്ടറി പി.ജെ. തോമസ് എന്നിവരുള്‍പ്പെടെ എട്ട് പേരെയും, പാമോലിന്‍ ഇറക്കുമതിക്കുള്ള അനുമതി ലഭിച്ച പവര്‍ ആന്റ് എനര്‍ജി കമ്പനിയെയും ചെന്നൈ മാലാ ട്രേഡിങ് കോര്‍പ്പറേഷനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു.
2001 അന്വേഷണം പൂര്‍ത്തിയായെങ്കിലും 2003ലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, ഇടപാട് നടന്ന കാലത്ത് ധമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി 2011ല്‍ ഉത്തരവിട്ടു. ഇത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ ജഡ്ജി പിന്മാറുകയും കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് 2012ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ വിചാരണ ആരംഭിക്കുന്നതിന്റെ മുന്നോടിയായി പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഈ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണമെന്നു നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. കേസിന്റെ എതെങ്കിലും ഘട്ടത്തില്‍ മുന്‍ ധനമന്ത്രികൂടിയായ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവു ലഭിക്കുകയാണെങ്കില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നാണ് കോടതി മുമ്പു പറഞ്ഞിരുന്നത്.
ഇതിനുള്ള സാധ്യത സജീവമാക്കുന്നതാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പുതിയ നിരീക്ഷണം.
രാജന് കേസിനും, ചാരക്കേസിനും പുറമെ കെ.കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തെ വേട്ടയാടിയ കേസെന്ന പ്രാധാന്യവും പാമോയില്‍ കേസിനുണ്ട്. 2005 ജനുവരിയില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും തുടര്‍ന്നുവന്ന ഇടതുസര്‍ക്കാര്‍ ഇതു റദ്ദാക്കുകയായിരുന്നു. വീണ്ടും യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ കേസ് പിന്‍വലിക്കാന്‍ നടത്തിയ ശ്രമം 2014 ലും പരാജയപ്പെടുകയായിരുന്നു.
സോളാര്‍ കേസില്‍ സരിതയുടെ ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനുമെതിരെയും, ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ.ബാബുവിനെതിരെയും അസാധാരണ നടപടികളിലൂടെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്ന വിധി പുറപ്പെടുവിച്ച് സര്‍ക്കാരിനെ ഭീഷണിയിലാക്കിയ ജഡ്ജ് എസ്.എസ്. വാസന് തന്നെയാണ് പാമോയില്‍ കേസ് പരിഗണിക്കാനിരിക്കുന്നത്. ചീഫ് സെക്രട്ടറി ജിജിതോംസണിന്റെ അഭിഭാഷകന് അഡ്വ.ഐസക് തോമസും, പത്മകുമാറിന്റെ അഭിഭാഷകന് അഡ്വ.സത്യനാഥനും ചൊവ്വാഴ്ച കോടതിയില്‍ ഹാജരായിരുന്നു.
പാമോയില്‍ കേസിന്റെ നാള്‍വഴികള്‍
- 1991 ഒക്ടോബര്‍ 5 -പാമോയില്‍ ഇറക്കുമതിക്ക് കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിക്കുന്നു.
- നവംമ്പര്‍ 6ന് മന്ത്രിസഭയുടെ അംഗീകാരം .
- 1992 ജനവരി 24 – ടണ്ണിന് 405 ഡോളര്‍ വില നിശ്ചയിച്ച് ഇറക്കുമതിക്ക് കരാര്‍ ഒപ്പുവെച്ചു.
- 1993 ജൂണ്‍ – ഇറക്കുമതിയില്‍ ക്രമക്കേടുണ്ടെന്ന് അക്കൗണ്ടന്റ് ജനറല്‍
- 1994 ജനവരി 2 -പാമോയില്‍ ഇറക്കുമതി ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നു സി.എ.ജി റിപ്പോര്‍ട്ട്
- 1996 ഒക്ടോബര്‍ – അഴിമതി നിരോധന നിയമപ്രകാരം കെ.കരുണാകരനും മറ്റു ആറുപേര്‍ക്കുമെതിരെ എഫ്.ഐ.ആര്
- 1999 നവംബര്‍ – കരുണാകരന് ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. കരുണാകരന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി
- 1999 ഡിസംമ്പര്‍ 31 – തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
- 2005നവംമ്പര്‍ 4 -കെ.കരുണാകരന് ഉള്‍പ്പെടെയുള്ളവരെ വിചാരണചെയ്യാനുള്ള തീരുമാനം ഉമ്മന്‍ ചാണ്ടിസര്‍ക്കാര്‍ പിന്‍വലിച്ചു. 2006 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിചാരണക്ക് വീണ്ടും അനുമതി നല്കി.
- 2007ജൂലൈ 6 -കരുണാകരന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.സുപ്രീം കോടതി വിചാരണക്കോടതി നടപടി സ്റ്റേചെയ്തു.
- 2010 ഡിസംമ്പര്‍ 9- കേസ് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു.
- ഡിസംമ്പര്‍ 23- കെ.കരുണാകരന് അന്തരിച്ചു.
- 2011 ഫെബ്രുവരി 11 – ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി തന്നെ ഉള്‍പ്പെടുത്തിയത് നീതികേടാണ് എന്നും തന്നെയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്് അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച് മുസ്തഫ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്കി.
- 2011 ഫെബ്രുവരി 26 -കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക കോടതിയില്‍ ഹര്‍ജി.
- 2013സെപ്തംബര്‍ 13 -കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
- 2013 ഒക്ടോബര്‍ 15 -കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷ വിജിലന്‍സ് കോടതിയില്‍ .
- 2014 ജനുവരി 10 -കേസ് പിന്‍വലിക്കാനുള്ള അപേക്ഷ വിജിലന്‍സ് കോടതി തള്ളി, ആവശ്യം പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമെന്ന് കോടതി നിരീക്ഷണം
- 2015 ജനുവരി 8- പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷ ഹൈക്കോടതി തള്ളി.
- 2015 ഏപ്രില്‍ 6-കേസ് പിന്‍വലിക്കാനുള്ള അപേക്ഷ സുപ്രീം കോടതി തള്ളി
- 2015 മെയ് 15- ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ കേസില്‍ ഗൂഢാലോചന കുറ്റം ചുമത്താമെന്ന് സുപ്രീം കോടതി വിധി.
- 2016 ഫെബ്രുവരി 6-മുന്‍ ചീഫ് സെക്രട്ടറി എസ്.പത്മകുമാര്‍, അഡീ.ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവരുടെ വിടുതല്‍ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി.
- 2016 ഫെബ്രുവരി 23- ചീഫ് സെക്രട്ടറി എസ്. പത്മകുമാറിനെയും, അഡീ.ചീഫ് സെക്രട്ടറി സക്കറിയ മാത്യുവിനെയും കുറ്റവിമുക്തരാക്കി, ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്ക് അറിവുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: