കൊച്ചി: സംസ്ഥാനത്ത് മുസ്ലിം മതമൗലികവാദ സംഘടനകളുമായിച്ചേര്‍ന്ന് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മാവോയിസ്റ്റ് അനുകൂല സംഘടനകളുടെ സംയുക്ത കണ്‍വെന്‍ഷനില്‍ തീരുമാനം. ‘രാഷ്ട്രീയ, സൈനിക അടിച്ചമര്‍ത്തലിനെതിരായ പ്രതിരോധ സമിതി’യുടെ നേതൃത്വത്തില്‍ എറണാകുളം കുട്ടമ്പഴയില്‍ നടന്ന രണ്ട് ദിവസത്തെ പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് ‘റെഡ് ജിഹാദ്’ വ്യാപിപ്പിക്കാനുള്ള തീരുമാനം. മാവോയിസ്റ്റുകള്‍ക്കെതിരായ ഭരണകൂട നടപടികള്‍ക്കെതിരെ വനവാസികളെ മുന്‍നിര്‍ത്തി പ്രതിരോധം സൃഷ്ടിക്കും. ജെഎന്‍യു, രോഹിത് വെമുല വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള മുസ്ലിം മതതീവ്രവാദ സംഘടനകളുമായി സഹകരിച്ച് ഹിന്ദു വിരുദ്ധ പ്രചാരണങ്ങള്‍ ശക്തമാക്കും. ഭീകരവാദ വിരുദ്ധ നിയമത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍, മതഭീകരവാദികളുടെ ഇരവാദം തുടങ്ങിയ പ്രചാരണങ്ങളും മുന്നോട്ട് കൊണ്ടുപോകും.
ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടന്ന കണ്‍വെന്‍ഷനില്‍ പോരാട്ടം, ഞാറ്റുവേല, സോഷ്യല്‍ ജസ്റ്റിസ് ഫോറം, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, തിരുക്കുറള്‍ സംഘം, സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് ലിബറേഷന്‍ ഫ്രണ്ട് തുടങ്ങി ഇരുപതോളം സംഘടനകളാണ് പങ്കെടുത്തത്. പ്രവര്‍ത്തകരും നേതാക്കളുമുള്‍പ്പെടെ എണ്‍പതോളം പേരുണ്ടായിരുന്നു. പോരാട്ടം നേതാവ് എം.എന്‍. രാവുണ്ണി, ദേശീയപാതാ അതോറിറ്റി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളായ തുഷാര്‍ നിര്‍മ്മല്‍ സാരഥി, ജയ്സണ്‍ കൂപ്പര്‍, രാഷ്ട്രീയ സൈനിക അടിച്ചമര്‍ത്തലിനെതിരായ പ്രതിരോധ സമിതി ചെയര്മാന് കെ.കെ.മണി, കണ്‍വീനര്‍ സി.എ.അജിതന് എന്നിവരും സംബന്ധിച്ചു. മാവോയിസ്റ്റ് ബന്ധത്തെത്തുടര്‍ന്ന് സംശയനിഴലിലായ നേതാക്കള്‍ നടത്തിയ പരിപാടി നിരീക്ഷിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയെങ്കിലും നേതാക്കള്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരിച്ച് പോയി.
മാവോയിസ്റ്റുകളുടെയും മുസ്ലിം തീവ്രവാദ സംഘടനകളുടെയും യോജിച്ചുള്ള പ്രവര്‍ത്തനം കേരളത്തില്‍ നേരത്തെയുണ്ട്. യുഎപിഎ വിരുദ്ധസമിതി, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന് തുടങ്ങിയ സംഘടനകള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തുഷാര്‍, ജയ്സണ്‍ എന്നിവര്‍ യുഎപിഎ വിരുദ്ധ സമിതിയിലെ അംഗങ്ങളാണ്. ഏറ്റവുമൊടുവില്‍ പാനായിക്കുളം സിമി കേസില്‍ ശിക്ഷിക്കപ്പെട്ട സിമി ഭീകരര്‍ക്ക് വേണ്ടി ഇവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: