ന്യൂദല്‍ഹി: കേരളത്തിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ബൂത്ത് തല തെരഞ്ഞെടുപ്പ് കമ്മറ്റികള്‍ പൂര്‍ത്തിയായി വരുന്നതായും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു.
ജില്ലാതല ശില്‍പ്പശാലകള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും. 18 വിഭാഗങ്ങളിലായി കണ്‍വീനര്‍മാരെ നിശ്ചയിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ഇവര്‍ മണ്ഡലം ഭാരവാഹികളുമായി ആശയവിനിമയം നടത്തി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടിക തയ്യാറാക്കും. ഇതിനു ശേഷം അന്തിമ പട്ടിക കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കേന്ദ്രനേതൃത്വമാണ് നടത്തുക.
കേരളത്തിലെ എന്‍ഡിഎ സംവിധാനത്തില്‍ കൂടുതല്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം, വികാസ് പാര്‍ട്ടി തുടങ്ങിയവരുമായുള്ള ചര്‍ച്ചകള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. 40,000ത്തിലധികം വോട്ടുകള്‍ നേടിയ നാല് മണ്ഡലങ്ങളും 35,000ത്തോളം വോട്ടുകള്‍ നേടിയ ഒമ്പത് മണ്ഡലങ്ങളുമാണ് സംസ്ഥാനത്തുള്ളത്. അതിശക്തമായ പ്രചാരണം 140 മണ്ഡലങ്ങളിലും നടത്തി ഭരണം പിടിക്കാനാണ് പാര്‍ട്ടിയുടെ പരിശ്രമം, കുമ്മനം രാജശേഖരന് പറഞ്ഞു. പി.കെ. കൃഷ്ണദാസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: