കോഴിക്കോട്: ദേശാഭിമാന ബോധം ഉണർത്തി വിധ്വംസക ശക്തികൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി യുവമോർച്ച ദേശരക്ഷാ സദസ് സംഘടിപ്പിച്ചു. രാഷ്ട്രം ആദ്യം, രാഷ്ട്രീയം പിന്നീട് എന്ന മുദ്രാവാക്യമുയർത്തിയും, ഇന്ത്യാ വിരുദ്ധതയും വിഘടനവാദവും അനുവദിക്കില്ല, എന്ന പ്രതിജ്ഞയുമായി നടത്തിയ ദേശരക്ഷാ സദസ്സിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി.
യുവമോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് മൊഫ്യൂസിൽ ബസ്സ്റ്റാന്റ് പരിസരത്താണ് ഇന്നലെ വൈകിട്ട് ദേശരക്ഷാ സദസ്സ് നടത്തിയത്.
ലഷ്കറെ ത്വയിബ ഉൾപ്പെടെയുള്ള രാജ്യദ്രോഹികളെ പിന്തുണക്കുന്ന സിപിഎം, കോൺഗ്രസ് നിലപാടുകളെയും മറ്റും തുറന്നു കാണിക്കുന്ന ദേശരക്ഷാ സദസ്സ് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
ഭീകരവാദികളുടെയും വിധ്വംസക ശക്തികളുടെയും നേതൃത്വത്തിൽ ഭാരതത്തിന്റെ അഖണ്ഡതയും പരമാധികാരവും തകർക്കുവാനുള്ള ആസൂത്രിത നീക്കം നടക്കുമ്പോൾ അതിന് ഒത്താശ ചെയ്യുന്നതും കുഴലൂതുന്നതുമായ കോൺഗ്രസ്, സിപിഎം നിലപാട് ദേശസ്നേഹികൾ തിരിച്ചറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് കെ. പ്രേംജിത്ത് അദ്ധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ വിക്രമിന്റെ പിതാവ് പി.കെ.പി.വി. പണിക്കർ, ബിജെപി മേഖല പ്രസിഡന്റ് വി.വി. രാജൻ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുഗീഷ് കൂട്ടാലിട, സംസ്ഥാന സെക്രട്ടറി കെ.ടി. വിപിൻ, പൂർവ സൈനിക സേവാ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വേലായുധൻ കളരിക്കൽ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ടി. ബാലസോമൻ, കോർപ്പറേഷൻ കൗൺസിലർമാരായ നമ്പിടി നാരായണൻ, ഇ. പ്രശാന്ത്കുമാർ, യുവമോർച്ച ജില്ലാ കമ്മിറ്റി ഭാരവാഹികളായ ബബീഷ്, സിനൂപ്രാജ്, സി.ആർ. പ്രഫുൽ കൃഷ്ണൻ, ശ്രീധർമ്മൻ, റനിത്ത് പുനത്തിൽ, റനീഷ് പുതുക്കുടി, അനൂപ്, ദിബിൻ എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: