കൊച്ചി: നിര്‍ദ്ദിഷ്ട കൊച്ചി കാന്‍സര്‍ സെന്റര്‍ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനെ വെല്ലുവിളിച്ച് സം സ്ഥാന സര്‍ക്കാര്‍. കാന്‍സര്‍ സെന്ററിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണമെന്ന കമ്മീഷന് ഉത്തരവ് സര്‍ക്കാര്‍ പാലിച്ചില്ല. ഇന്നലെ എറണാകുളത്ത് നടന്ന സിറ്റിംഗില്‍ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഒരു പ്രതിനിധി പോലും ഹാജരായില്ല.
സ്പെഷ്യല്‍ ഓഫീസറായ ആഷാ തോമസും സിറ്റിംഗില്‍ സംബന്ധിച്ചില്ല. ഇത് രണ്ടാം തവണയാണ് ചീഫ് സെക്രട്ടറി കമ്മീഷന്റെ ഉത്തരവ് ധിക്കരിക്കുന്നത്. വന്‍കിട സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി കാന്‍സര്‍ സെന്റര്‍ അനിശ്ചിതത്വത്തിലാക്കിയ സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനത്തിനും പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. സര്‍ക്കാര്‍ നടപടിയില്‍ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി. കോശി അതൃപ്തി പ്രകടിപ്പിച്ചു. ചീഫ് സെക്രട്ടറിക്ക് വീണ്ടും നോട്ടീസയക്കുമെന്നും കമ്മീഷന് പറഞ്ഞു.
കാന്‍സര്‍ സെന്റര്‍ യാഥാര് ത്ഥ്യമാക്കുന്നതില് സര്‍ക്കാര്‍ അലംഭാവം പ്രകടിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്മെന്റാണ് കമ്മീഷനില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ജനുവരിയിലെ സിറ്റിംഗില്‍ സര്‍ക്കാരിനെ കമ്മീഷന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കാന്‍സര്‍ സെന്റര്‍ ജലരേഖയായെന്ന് കുറ്റപ്പെടുത്തിയ കമ്മീഷന് സര്‍ക്കാര്‍ നിലപാട് നിരാശാജനകമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ കമ്മീഷന് ഉത്തരവ് വീണ്ടും ലംഘിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
450 കോടിയുടെ പദ്ധതിക്ക് കഴിഞ്ഞ ബജറ്റില്‍ 20 കോടി മാത്രമാണ് പ്രഖ്യാപിച്ചതെന്ന് പരാതിയില്‍ പറയുന്നു. മുഴുവന്‍ തുകയും വായ്പ തരാമെന്ന് ജില്ലാ സഹകരണ ബാങ്ക് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അടിസ്ഥാന സൗകര്യമൊരുക്കാതെ ഒപി മാത്രം തുടങ്ങാന്‍ അനുവദിക്കരുതെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
കമ്മീഷന്റെ ഉത്തരവ് ലംഘിച്ചത് വെല്ലുവിളിയാണെന്ന് കൃഷ്ണയ്യര്‍ മൂവ്മെന്റ് ഭാരവാഹി ഡോ. എന്‍.കെ.സനില്‍കുമാര്‍ പറഞ്ഞു. വിഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: