കോട്ടയം: സംസ്ഥാനത്ത് വര്‍ഷം തോറും സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 2010 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 77,063 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകല്‍, പൂവാലശല്യം, സ്ത്രീധന പീഡനം, ഭര്ത്താക്കന്മാരുടെയും ബന്ധുക്കളുടെയും പക്കല്‍ നിന്നുള്ള പീഡനം, സ്ത്രീകള്‍ക്കെതിരായ മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ ഉള്‍പ്പെട്ട കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇക്കാലയളവില്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരം ജില്ലയില്‍ 10125 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നഗരത്തില്‍ മാത്രം 3104 കേസുകളും നഗരപരിധിക്ക് പുറത്ത് 7021 കേസുകളുമാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മലപ്പുറം ജില്ലയാണ് രണ്ടാമത്. 7888 കേസുകളാണ് മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു. 2015ല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്. 1474 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. 2014 ലും മലപ്പുറം ജില്ല തന്നെയായിരുന്നു സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങള്‍ നടത്തുന്നതില്‍ ഏറെ മുന്‍പന്തിയില്‍. 1457 കേസുകളാണ് ഇക്കാലഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തത്.
വര്‍ഷം തോറും മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ലയില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ കൂടി വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുറ്റകൃത്യങ്ങളില്‍ ഏറ്റവും കുറവ് വയനാട് ജില്ലയാണ്. ഈ കാലയളവില്‍ 2592 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
തൃശൂര്‍ ജില്ലയില്‍ നഗരത്തില്‍ മാത്രം 3477 കേസും നഗരപരിധിക്ക് പുറത്ത് 4870 കേസുകളും രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് നഗരത്തില്‍ 3241 കേസും നഗരപരിധിക്ക് പുറത്ത് 4178 കേസും രജിസ്റ്റര്‍ ചെയ്തു.
കൊല്ലത്ത് നഗരത്തില്‍ 4319 കേസും നഗരപരിധിക്ക് പുറത്ത് 2886 കേസും രജിസ്റ്റര്‍ ചെയ്തു. എറണാകുളം നഗരത്തില്‍ 2559 കേസും നഗരപരിധിക്ക് പുറത്ത് 4129 കേസുകളും രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ 5415, പാലക്കാട് 4108, കാസര്‍കോട്ട് 3835, ആലപ്പുഴ 3658, കോട്ടയം 3434, ഇടുക്കി 3080, പത്തനംതിട്ട 2841 കേസുകളും രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: