തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള പത്മതീര്‍ത്ഥക്കരയിലെ കല്‍മണ്ഡപം ഇടിച്ചുനിരത്തിയത് പൊറുക്കാനാവാത്ത തെറ്റാണെന്ന് സുഗതകുമാരി പറഞ്ഞു.
തികഞ്ഞ ധിക്കാരവും നിയമലംഘനവുമാണ് നടന്നത്.
ഇതിന് ഉത്തരവാദികള്‍ ആരായാലും അവര്‍ കഠിന ശിക്ഷ അര്‍ഹിക്കുന്നു. മണ്ഡപം പഴയ രീതിയില്‍ പുനര്‍നിര്‍മ്മിക്കാന്‍ സാധ്യമല്ലെന്നും സുഗതകുമാരി പറഞ്ഞു. ഇടിച്ചുനിരത്തിയ മണ്ഡപം നോക്കിക്കണ്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുഗതകുമാരി.
തികച്ചും ലജ്ജാകരമായ പ്രവര്‍ത്തനമാണ് അവിടെ നടന്നത്. നമ്മളെ പോലുള്ളവര്‍ ഇവിടെ ജീവിച്ചിട്ട് ഇത് അറിയാന്‍ കഴിഞ്ഞില്ല. കല്‍മണ്ഡപം ഇടിച്ചിട്ടിട്ട് എന്താണ് കെട്ടാന്‍ പോകുന്നത്.
സുപ്രീം കോടതി പറഞ്ഞത് ക്ഷേത്രത്തിന്റെയും ക്ഷേത്ര സ്വത്തുക്കളുടെയും സംരക്ഷണവും പരിപാലനവുമാണ്. എന്നാല്‍ ഇപ്പോള്‍ നടന്നത് തികഞ്ഞ അഹങ്കാരത്തോടെയുള്ള പ്രവര്‍ത്തനമാണ്. മറ്റു രാജ്യങ്ങളിലെ പുരാവസ്തുക്കളും ആരാധനാലയങ്ങളും എങ്ങനെയാണ് സംരക്ഷിക്കുന്നതെന്ന് ഇവര്‍ കണ്ടുപഠിക്കണം-സുഗതകുമാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: