പത്തനംതിട്ട: സംസ്ഥാനത്ത് ഭൂരഹിത കേരളം പദ്ധതി പ്രകാരം കണ്ടത്തിയ ഭൂരഹിതകുടുംബങ്ങളില് ഇരുപതു ശതമാനം പേര്‍ക്കുപോലും മൂന്നുസെന്റ് ഭൂമി വീതം പോലും നല്കാന് സംസ്ഥാനസര്ക്കാരിനായിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച പ്രത്യേക വാര്‍ത്താസമ്മേളന പരിപാടിയായ ഒപ്പത്തില്‍ റവന്യു-കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് നല്കിയ കണക്കനുസരിച്ചാണ് സര്‍ക്കാരിന്റെ പിടിപ്പുകേട് വ്യക്തമായത്.
ഭൂരഹിത കേരളം പദ്ധതി പ്രകാരം നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് ആകെ 2,43,928 ഭൂരഹിതര്‍ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 43,437 കുടുംബങ്ങള്‍ക്കാണ് മൂന്നു സെന്റ് ഭൂമി വീതം നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ക്ക് ഭൂമികണ്ടെത്തുന്ന മുറയ്ക്ക് നല്‍കുമെന്നാണ് മന്ത്രി പറയുന്നത്.കണ്ണൂര്‍, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ മുഴുവന്‍ അപേക്ഷകര്‍ക്കും മൂന്നു സെന്റു വീതം ഭൂമി നല്‍കിയെന്ന് റവന്യൂമന്ത്രി അവകാശപ്പെടുന്നു.
എന്നാല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ സംസ്ഥാനത്തെ ഭൂരഹിതരായവരില്‍ എണ്പത്തിമൂന്നുശതമാനത്തിനും ഇനിയും ഭൂമി ലഭിച്ചിട്ടില്ലെന്നു കാണാം. നിലവില്‍ തോട്ടംമേഖലയില്‍ മാത്രം അഞ്ചുലക്ഷം ഏക്കര്‍ ഭൂമി സര്‍ക്കരിന് ഏറ്റെടുക്കാമെന്നിരിക്കെയാണ് ബഹുഭൂരിപക്ഷം ഭൂരഹിതരും തലചായ്ക്കാനിടമില്ലാതെ വലയുന്നത്.യൂഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലാവധി അവസാനിക്കാന്‍ വിരലിലെണ്ണാവുന്ന ആഴ്ച്ചകള്‍ മാത്രം അവശേഷിക്കേ മൂന്നുസെന്റ് ഭൂമിക്കുപോലും ഉടയോനാകാന് വിധിയില്ലാതെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇനിയും അലയേണ്ടിവരുമെന്ന് ഉറപ്പായി.
സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ 1,50,294 പട്ടയങ്ങള്‍ വിതരണം ചെയ്തെന്നും 30,000 പട്ടയങ്ങള്‍ കൂടി ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രിപറഞ്ഞു. ഏതു വന്‍കിടക്കാര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരുന്നാലും മടക്കി കിട്ടണമെന്നതാണ് നിലപാട്. ഹാരിസണ്‍ കമ്പനി കൈവശം വച്ചിരിക്കുന്ന ഭൂമി സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ്. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ കേസുണ്ട്. ഇതു സംബന്ധിച്ചു സ്പെഷല്‍ ഓഫീസര്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഹാരിസണ്‍ നോട്ടീസ് നല്‍കിയിരുന്നു. അനുകൂല ഉത്തരവുണ്ടായാല്‍ തൊട്ടടുത്ത ദിവസം ഭൂമി ഏറ്റെടുക്കും. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. ടി ആന്‍ഡ് ടി കമ്പനി ഇതേപോലെ ഭൂമി കൈയേറിയിട്ടുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കും.
റവന്യു വകുപ്പില്‍ ആധുനികവത്കരണം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു. 14 ജില്ലകളിലും നടത്തിയ ചരിത്രപരമായ റവന്യു-സര്‍വേ അദാലത്തിലൂടെ കെട്ടിക്കിടന്നതുള്പ്പെടെ 4,84,000 പരാതികളില്‍ 3,83,000 എണ്ണം പരിഹരിച്ചു. ബാക്കി സമയബന്ധിതമായി തീര്‍പ്പാക്കിയ ശേഷം വ്യവഹാരമുള്ളതുള്പ്പെടെ 10 ശതമാനം പരാതികള്‍ മാത്രമാണ് അവശേഷിക്കുന്നത്. റവന്യു വകുപ്പില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈനിലൂടെ നല്കുന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി.
ഇന്നലെ വരെ 1,87,34,920 സര്‍ട്ടിഫിക്കറ്റുകള്‍ ഇതുപ്രകാരം ഓണ്‍ലൈനായി നല്കി. ഭൂമിയുടെ രജിസ്ട്രേഷന് കഴിഞ്ഞാല്‍ പേരില്‍ കൂട്ടുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കി. മാര്‍ച്ച് 31 നകം സംസ്ഥാനത്തെ 800 വില്ലേജുകളില്‍ കൂടി പദ്ധതി നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: