കാസര്‍കോട്: സംസ്ഥാനത്ത് ചില്ലറനാണയ ക്ഷാമം രൂക്ഷമാകുന്നു. ഇതുകാരണം ബസ്സുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഓട്ടോറിക്ഷകളിലും ടോള്‍ബൂത്തുകളിലും ബാക്കിതുക നല്കാനാവാതെ ബുദ്ധിമുട്ടുകയാണ് ജീവനക്കാര്‍. പലര്‍ക്കും ചില്ലറ തിരിച്ച് നല്കാനാവാത്തത് പലപ്പോഴും ചില്ലറ വാക്ക് തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നു. ഹോട്ടലുകളിലും റീചാര്‍ജ് കേന്ദ്രങ്ങളിലും ചില്ലറ കൊടുക്കാത്തതിനാല്‍ മിഠായി നല്‍കിയാണ് പലരും തടിയൂരുന്നത്. അതേസമയം ചില്ലറ നാണയങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കടത്തുന്ന സംഘങ്ങള്‍ കേരളം മുഴുവന്‍ സജീവമായി.
നാണയങ്ങള്‍ ഉയര്‍ന്നവിലക്ക് ശേഖരിച്ച് കടത്താന്‍ നിരവധി ഏജന്റുമാര്‍ കാസര്‍കോട് ജില്ലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി ബന്ധപ്പെട്ടവര്‍ പറയുന്നു. ശബരിമല സീസണും പള്ളി പെരുന്നാളും ഉറൂസുകളും പ്രാദേശിക ഉത്സവങ്ങളും നടക്കുന്ന സമയത്താണ് വന്‍തോതില്‍ നാണയം ശേഖരിച്ച് കടത്തുന്നത്. വ്യാപാര സ്ഥപനങ്ങളില്‍ ധര്‍മ്മപ്പെട്ടികള്‍ സ്ഥാപിച്ചും ശൗചാലയങ്ങളിലെത്തുന്ന ചില്ലറ മൊത്തമായും വാങ്ങിയും ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നു. നൂറുരൂപയുടെ ചില്ലറ നാണയത്തിന് 110 രൂപയാണ് ഏജന്റുമാര്‍ നല്‍കുന്നത്. പ്രധാനമായും യാചകന്മാരെ വെച്ചാണ് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്.
കര്‍ണാടകയില്‍ വെള്ളിയാഭരണങ്ങള്‍ നിര്‍മ്മിക്കുന്നത് നാണയങ്ങള്‍ ഉപയോഗിച്ചാണെന്ന് കഴിഞ്ഞ ദിവസം മഞ്ചേശ്വരം ചെക്പോസ്റ്റില്‍നിന്നും പിടികൂടിയ രണ്ടുപേരില്‍നിന്നും പോലിസിന് മൊഴി ലഭിച്ചിട്ടുണ്ട്. രേഖകളില്ലാത്ത 10 കിലോ വെള്ളിയാഭരണങ്ങളാണ് ഇവരില്‍നിന്നും കണ്ടെടുത്തത്. തമിഴ്നാട്ടില്‍ നിന്നെത്തിയ ഏജന്റുമാര്‍ 25 പൈസ മുതലുള്ള നാണയങ്ങള്‍ക്കും മൂല്യത്തിന്റെ ഇരട്ടിതുക നല്‍കിയാണ് സംഭരിക്കുന്നത്. വീടുവീടാന്തരം ചുറ്റിക്കറങ്ങി പഴയനാണയങ്ങള്‍ ശേഖരിക്കുന്ന സംഘവും സജീവമായിട്ടുണ്ട്.
കാന്തശക്തിയുള്ള പഴയ 50 പൈസ, ചുവന്ന 20 പൈസ എന്നിവയ്ക്കൊക്കെ വന്‍ഡിമാന്റാണ്. പഴയ അഞ്ചു രൂപ നാണയത്തിനാണ് ഏറെഡിമാന്റ.് ചോദിക്കുന്ന പണം നല്‍കാനും അവര്‍ തയ്യാറാണ്. 25 പൈസയുടെ 400 നാണയങ്ങള്‍ ചേര്‍ന്ന ഒരു കിലോയ്ക്ക് 1800 രൂപ ലഭിക്കും. ഇത് അയല്സംസ്ഥാനത്തെത്തിയാല് 5,000 ന് മുകളില്‍ ലഭിക്കുമെന്ന് യാചകര്‍ പറയുന്നു. സംസ്ഥാനത്തുനിന്നും ചില്ലറ നാണയങ്ങള്‍ ശേഖരിച്ച് ബംഗളൂരു, ചെന്നൈ നഗരങ്ങളിലേക്കാണ് കയറ്റിയയക്കുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബ്ലേഡ്, വെള്ളിയാഭരണങ്ങള്‍, തോക്കിന്റെ തിര എന്നിവയ്ക്കാണ് ഇതുപയോഗിക്കുന്നതെന്ന് പറയപ്പെടുന്നു. നാണയങ്ങള്‍ കടത്തുന്ന സംഘം ബസുകള്‍ മാര്‍ഗം സഞ്ചരിക്കുന്നതിനാല്‍ ഇവരെ കണ്ടെത്തുക പോലിസിന് ഏറെ പ്രയാസകരമാണ്. ഉന്നതമായ രാഷ്ട്രീയ പിന്‍ബലം നാണയ കടത്ത് സംഘങ്ങള്ക്കുപിന്നില് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ ഇവര്‍ക്കെതിരെ ചെറുവിരല്‍പോലും അനക്കാനാവാത്ത അവസ്ഥയിലാണ് സംസ്ഥാന പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: