തിരുവനന്തപുരം: ദളിത് ജീവിതം പ്രമേയമാക്കിയ തന്റെ ചിത്രത്തിന് അയിത്തം കല്പിക്കുന്നതിനെതിരെ രംഗത്തുവന്ന നടന് സലിംകുമാറിന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പിന്തുണ. ദേശീയ ചാനലില്‍ സിനിമ കാണിക്കാന്‍ വേണ്ട എല്ലാ സഹായവും നല്‍കാമെന്ന് കുമ്മനം ഉറപ്പുനല്‍കി. കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രി അരുണ്‍ ജയ്റ്റ്ലിയെ നേരില്‍ കണ്ട്് ശ്രദ്ധയില്‍പ്പെടുത്തും. സിനിമ ജനങ്ങളിലെത്താന്‍ വേണ്ട സഹായം നല്‍കണമെന്ന് സലിംകുമാര്‍ കുമ്മനത്തോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു.
സലിംകുമാര്‍ നിര്‍മ്മിച്ച് അദ്ദേഹം തന്നെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ‘മൂന്നാംനാള്‍ ഞായറാഴ്ച’ എന്ന ചിത്രത്തിനാണ് വിവേചനം നേരിടേണ്ടി വന്നത്. കറുമ്പന് എന്ന ദളിതന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറാകുന്നില്ല. ദളിതന്റെ കഥ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവില്ലെന്നും അവര്‍ തിയേറ്ററിലേക്ക് വരില്ലെന്നുമാണ് വിതരണക്കാരുടെ വാദം. ദളിതന്റെ പേരില്‍ കണ്ണീരുപൊഴിക്കുന്ന പ്രസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ നിശബ്ദത പുലര്‍ത്തുന്നത് അവരുടെ കാപട്യത്തിന്റെ ഒടുവിലത്തെ തെളിവാണെന്ന് സലിംകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.
ഗര്‍ഭിണിയായ ഭാര്യയെയും അമ്മയെയും സഹോദരനെയും പിരിഞ്ഞ് ഗള്‍ഫിലേക്ക് പുറപ്പെടുന്ന കറുമ്പനാണ് നായക കഥാപാത്രം. വിസ തരപ്പെടുത്തി കൊടുത്തയാള്‍ കൈമാറിയ ആയുര്‍വേദ മരുന്നില്‍ ലഹരി കണ്ടെത്തിയതിനെതുടര്‍ന്ന് വിമാനത്താവളത്തില്‍നിന്ന് കറുമ്പന് ജയിലിലേക്കാണ് എത്തപ്പെടുന്നത്. വര്‍ഷങ്ങളോളം കറുമ്പന് ജയിലഴിക്കുള്ളില്‍ മാനസിക വിഭ്രാന്തിക്ക് അടിമയായി കഴിയേണ്ടി വരുന്നു. നാട്ടിലേക്ക് തിരിച്ചയക്കപ്പെട്ട കറുമ്പന് തന്റെ കുടുംബത്തെ കാണാതെ അന്വേഷിച്ച് അലയുന്നതാണ് പ്രമേയം.
കുടുംബവും ദൈവങ്ങളും നഷ്ടമായെന്ന് അറിയുന്ന കറുമ്പന്റെ സ്വപ്നസഞ്ചാരത്തിലൂടെയാണ് കഥ വികസിക്കുന്നത്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട കുടുംബത്തെയാണ് പിന്നീട് കറുമ്പന് കണ്ടെത്തുന്നത്. വിശ്വാസവും ആചാരവും നഷ്ടമായ ദളിതന്റെ ആത്മാന്വേഷണമാണ് ഇവിടെ നടക്കുന്നത്. അമ്മയും ഭാര്യയും സഹോദരനും കറുമ്പനെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നു. തീരുമാനമെടുത്ത് തിരികെ എത്തുന്ന കറുമ്പന് ഭാര്യയുടെയും മകളുടെയും ആത്മഹത്യാ വാര്‍ത്തയാണ് കേള്‍ക്കുന്നത്. ഇന്നത്തെ ദളിത് ജീവിതത്തിന്റെ പ്രതിസന്ധിയാണ് കറുമ്പനിലൂടെ സിനിമ അവതരിപ്പിക്കുന്നത്.
സിനിമയ്ക്കെതിരെ നഗ്നമായ ജാതിവിവേചനം തന്നെയാണെന്നും സലിംകുമാര്‍ പറഞ്ഞു. മലയാളത്തിലെ പ്രഥമ ദളിത് സിനിമയാണ് മൂന്നാംനാള്‍ ഞായറാഴ്ച. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ദളിത് ജീവിതം പ്രമേയമാക്കിയ സിനിമകള്‍ ഉണ്ടായിട്ടില്ല. മോഹന്‍ലാല്‍ അഭിനയിച്ച ഉയരും ഞാന്‍ നാടാകെയ്ക്കും മമ്മൂട്ടിയുടെ പൊന്തന്മാടയ്ക്കുംശേഷം ദളിത് കഥാപാത്രം നായകനാകുന്ന സിനിമയില്ല. സിനിമയിലെ വിവേചനമാണിത്,സലിംകുമാര്‍ പറഞ്ഞു.
മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കപ്പെടുന്ന സാധാരണ ദളിതന്റെ കഥയായതുകൊണ്ടാണ് സിനിമ പ്രേക്ഷകരില്‍ എത്തിക്കാന്‍ വിതരണക്കാര്‍ തയ്യാറാവാത്തത്. സ്വന്തം വിശ്വാസാചാരങ്ങള്‍ മുറുകെ പിടിക്കാന്‍ ശ്രമിക്കുന്ന ദളിത് ജീവിതത്തിന്റെ നേര്‍പതിപ്പാണ് സിനിമയിലെ നായക കഥാപാത്രം കറുമ്പന്.
ചലച്ചിത്രം വിതരണത്തിന് തയ്യാറായി ഒന്നരവര്‍ഷം പിന്നിട്ടു. വിതരണക്കാരെ തേടി അലഞ്ഞു. ക്ലൈമാക്സ് മാറ്റണമെന്ന നിര്‍ദ്ദേശം വരെയുണ്ടായി. ദളിതരുടെ ജീവിതയാഥാര്‍ത്ഥ്യം പറയാന്‍ ഭയമാണിവിടെ. കീഴാളജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യമാണ് മൂന്നാംനാള്‍ ഞായറാഴ്ച. കേരള സമൂഹത്തിന്റേത് ആത്മവഞ്ചനയാണ്. ദളിത് ജീവിതം കാണാന്‍ ഹൈദരാബാദിലേക്ക് കണ്ണയയ്ക്കേണ്ടതില്ല. രജനി ആനന്ദിന്റെ മരണത്തെ സൗകര്യപൂര്‍വ്വം നാം മറന്നു. വിശ്വപൗരന് എന്ന അറിയപ്പെട്ട കെ.ആര്. നാരായണന് മത്സരിക്കാന്‍ ഒറ്റപ്പാലം സംവരണ മണ്ഡലമാണ് നമ്മള് നല്‍കിയതെന്നും ഓര്‍ക്കണം.
കുമ്മനത്തെപ്പോലൊരാള് സിനിമയെ പിന്തുണയ്ക്കാമെന്ന് പറഞ്ഞതുതന്നെ വലിയ കാര്യമാണെന്നു പറഞ്ഞ സലിംകുമാര്‍ സിനിമ കുറഞ്ഞത് ദളിത് വിഭാഗങ്ങളെങ്കിലും കാണണമെന്നേ ആഗ്രഹമുള്ളൂവെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: