ആലപ്പുഴ: വിശ്വപ്രസിദ്ധമായ മഹാക്ഷേത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്ന രണ്ടു നിയോജകമണ്ഡലങ്ങളെ സംഘടിത മതന്യൂനപക്ഷത്തിന് തീറെഴുതാന്‍ നീക്കം. ‘ഗുരുവായൂര്‍ നിയോജകമണ്ഡലത്തെ കാലങ്ങളായി പ്രതിനിധീകരിക്കുന്നത് ഞങ്ങളുടെ ആളുകളാണ്, അമ്പലപ്പുഴയിലും ഞങ്ങളുടെ ആളുകള്‍ ഇനി പ്രതിനിധീകരിക്കട്ടെ’ എന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്.
മുസ്ലീംലീഗ് കാലങ്ങളായി മത്സരിക്കുന്ന കൊല്ലം ജില്ലയിലെ ഇരവിപുരം നിയോജകമണ്ഡലം ഇത്തവണ ലീഗിന് ലഭിക്കില്ല. യുഡിഎഫില്‍ ആര്‍എസ്പി എത്തിയ സാഹചര്യത്തില്‍ സിറ്റിങ് സീറ്റായ ഇരവിപുരം അവര്‍ക്ക് നല്‍കേണ്ടിവരും. ഈ സാഹചര്യത്തിലാണ് തെക്കന്‍ കേരളത്തില്‍ പുതുതായി ഒരു സീറ്റിനായി ലീഗ് വിലപേശല്‍ ആരംഭിച്ചത്.
അമ്പലപ്പുഴ മണ്ഡലം തങ്ങള്‍ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ലീഗ് നേതൃത്വം യുഡിഎഫിന് രേഖാമൂലം കത്ത് നല്‍കിയതായാണ് വിവരം. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കങ്ങളും നടത്തിത്തുടങ്ങി. 55,000ലേറെ മുസ്ലിം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. കാലങ്ങളായി യുഡിഎഫിനായി ഇവിടെ മത്സരിക്കുന്നത് കോണ്‍ഗ്രസാണ്, ജില്ലാകോണ്‍ഗ്രസ് നേതൃത്വവും ഇത്തവണ അമ്പലപ്പുഴയില്‍ മുസ്ലീം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വിജയിക്കാനാകുമെന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന നേ തൃത്വത്തിന് നല്‍കിയിട്ടുള്ളത്.
ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂറാണ് മണ്ഡലത്തില്‍ കണ്ണുവച്ചിട്ടുള്ള പ്രമുഖന്. ഇതിനിടെ അമ്പലപ്പുഴ മണ്ഡലത്തില്‍ മുസ്ലീം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചരണമാണ് വിവാദമാകുന്നത്. ഗുരുവായൂര്‍ മണ്ഡലം കാലങ്ങളായി മുസ്ലീമാണ് പ്രതിനിധീകരിക്കുന്നത്. അതിനാല്‍ അമ്പലപ്പുഴയിലും അതാകാം എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ഗുരുവായൂരിലെ ഇപ്പോഴത്തെ എംഎല്‍എ സിപിഎമ്മിലെ അബ്ദുള്‍ വഹാബാണ്. നേരത്തെ സിപിഎമ്മിലെ പി.ടി.കുഞ്ഞുമുഹമ്മദ്, ലീഗിലെ പി.കെ.കെ. ബാവ തുടങ്ങി മുസ്ലീം സമുദായാംഗങ്ങളാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്.
മണ്ഡലത്തിലെ മുസ്ലീങ്ങള്‍ ബഹുഭൂരിപക്ഷവും സഹായിച്ചതിനാല്‍ മാത്രമാണ് താന്‍ ജയിച്ചതെന്ന് നിലവില്‍ അമ്പലപ്പുഴയിലെ എംഎല്‍എ ജി. സുധാകരനും നേരത്തെ പരസ്യമായി പ്രഖ്യാപിച്ചതും ഇക്കൂട്ടര്‍ക്ക് പ്രോത്സാഹനം പകര്‍ന്നു നല്‍കിയിരിക്കുകയാണ്. സിപിഎമ്മും കോണ്‍ഗ്രസും രാഷ്ട്രീയ പോരാട്ടം ഉപേക്ഷിച്ച് മതപ്രീണനത്തിനാണ് മത്സരിക്കുന്നത്. അരൂരില്‍ മുസ്ലിം സ്ഥാനാര്‍ത്ഥി, ആലപ്പുഴയിലും കുട്ടനാട്ടിലും ചെങ്ങന്നൂരിലും ക്രൈസ്തവ സ്ഥാനാര്‍ത്ഥികള്‍, മറ്റു മണ്ഡലങ്ങളില്‍ ജാതികള്‍ തിരിച്ച് എന്നിങ്ങനെയാണ് ഇടതുവലതു മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: