ഇടുക്കി: ചെക്കുപോസ്റ്റുവഴി കഞ്ചാവ് കടത്തുന്നതിനു വിദ്യാര്‍ത്ഥികളെ സഹായിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ബോഡിമെട്ട് ചെക്ക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിഥിന്, സുധീര്‍ വി.ആര്, മനോജ് എന്നിവരെയാണ് ബോഡിമെട്ടില്‍ നിന്നു മറയൂര്‍ക്ക് സ്ഥലം മാറ്റിയത്. ഇവിടുത്തെ എക്സൈസ് ഇന്‍സ്പെക്ടര്‍ തോമസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എക്സൈസ് കമ്മീഷണര്‍ നെല്‍സണ്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ജനുവരി 13ന് നെടുങ്കണ്ടം പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥികളെ ബോഡിമെട്ട് ചെക്ക്പോസ്റ്റില്‍ എക്സൈസ് സംഘം ചോദ്യം ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച മാരുതി കാറില്‍ കഞ്ചാവ് ബീഡി വലിച്ചതിന്റെ ഗന്ധമുണ്ടായിരുന്നു. കഞ്ചാവ് കണ്ടെത്താന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് ഇവരെ എക്സൈസ് സംഘം വിട്ടയയ്ക്കുകയും ചെയ്തു.
രണ്ടാഴ്ചയ്ക്ക് മുന്‍പ് ഈ വിദ്യാര്‍ത്ഥികളെ കഞ്ചാവ് വലിച്ചതിന് നെടുങ്കണ്ടം പോലീസ് പിടികൂടിയിരുന്നു. കഞ്ചാവ് കിട്ടിയത് എവിടെനിന്നാണെന്ന് ചോദിച്ചപ്പോള്‍ തമിഴ്നാട്ടില്‍ നിന്ന് ബോഡിമെട്ട് ചെക്ക് പോസ്റ്റ് വഴി എത്തിച്ചെന്നാണ് പറഞ്ഞത്. എക്സൈസ് സംഘത്തിന് പണം നല്‍കിയാണ് കഞ്ചാവ് കടത്തിയതെന്ന് ഇവര്‍ മൊഴി നല്കി. ഈ മൊഴിയെത്തുടര്‍ന്നാണ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ എക്സൈസ് വകുപ്പ് പ്രാഥമിക നടപടി സ്വീകരിച്ചത്.
എന്നാല്‍ വിദ്യാര്‍ത്ഥികളുടെ മൊഴി സംബന്ധിച്ച് ഒരു രേഖയും ശേഖരിക്കാതെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ബോഡിമെട്ടിലെ ജീവനക്കാര്‍ക്കെതിരെ നടപടി കൈക്കൊണ്ടത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയാലേ എക്സൈസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണോയെന്ന് വ്യക്തമാകൂ എന്ന് ഇടുക്കി എക്സൈസ് കമ്മീഷണര്‍ നെല്‍സണ്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: