തൃശൂര്‍: ഏറെ വിവാദമാവുകയും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലും തള്ളുകയും ചെയ്ത പട്ടണം ഉദ്ഖനനത്തിന് മുസിരിസ് പൈതൃക പദ്ധതിയുടെ മറവില്‍ അംഗീകാരം നല്കാന് നീക്കം. 27ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൊടുങ്ങല്ലൂരില്‍ ഉദ്ഘാടനം ചെയ്യുന്ന മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി പട്ടണം ഉദ്ഖനനത്തില്‍ ശേഖരിച്ച വസ്തുക്കളുടെ പ്രദര്‍ശനം ഉള്‍പ്പെടുത്തിയതാണ് ഇതിനകം വിവാദമായിട്ടുള്ളത്.
എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് പട്ടണമാണ് പ്രാചീന മുസിരിസ് എന്നും ഇതിന് ഉപോദ്ബലകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് പട്ടണം ഗവേഷണം നടത്തിയ കെസിഎച്ച്ആര്‍ അവകാശപ്പെടുന്നത്. എന്നാല്‍ പഴയ ചില കളിമണ്‍ പാത്രങ്ങളുടെ അവശിഷ്ടങ്ങളും റോമന്‍ നാണയങ്ങളുമല്ലാതെ കാര്യമായൊന്നും ഇവിടെ നിന്ന് ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. പട്ടണം ഉദ്ഖനനം ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാണിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ കെസിഎച്ച്ആറിന്റെ ഗവേഷണത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുക്കാതെയാണ് രാഷ്ട്രപതിയുടെ പരിപാടിയില്‍ പട്ടണം പുരാവസ്തു പ്രദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കൊടുങ്ങല്ലൂരാണ് പ്രാചീന മുസിരിസ് എന്നാണ് ചരിത്ര ഗവേഷകന്മാരില് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. എംജിഎസ് നാരായണനും കെസിഎച്ച്ആറിന്റെ പട്ടണം സിദ്ധാന്തത്തെ തള്ളുകയാണുണ്ടായത്. പതിനഞ്ച് ദിവസത്തെ പട്ടണം എക്സിബിഷനാണ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഐസിഎച്ച്ആറിന്റേയും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടേയും അംഗീകാരമില്ലാത്ത പട്ടണം ഗവേഷണത്തിന് രാഷ്ട്രപതിയുടെ ഉദ്ഘാടനം വഴി ആധികാരികത ഉറപ്പുവരുത്താനാണ് കെസിഎച്ച്ആറും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നത്.
മുസിരിസ് പൈതൃക പദ്ധതിയില്‍ നിന്ന് പട്ടണം പ്രദര്‍ശനത്തെ ഒഴിവാക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രപതിയുടെ ഓഫീസിന് പരാതിയും നല്‍കിയിട്ടുണ്ട്. പട്ടണം ഉദ്ഖനനത്തിന്റെ ഭാഗമായി കണ്ടെത്തിയെന്നവകാശപ്പെടുന്ന ചരിത്രാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തണമെന്നും ടൂറിസം വിസയില്‍ രാജ്യത്തെത്തി ഉദ്ഖനനത്തില്‍ പങ്കെടുത്ത വിദേശികളുടെ പങ്കിനെപ്പറ്റി അന്വേഷണം നടത്തണമെന്നും വിചാരകേന്ദ്രം ആവശ്യപ്പെടുന്നു. മുസിരിസ് പൈതൃകം, ചരിത്രം എന്നിവ സംബന്ധിച്ച വെബ്സൈറ്റ്, മൊബൈല്‍ആപ് എന്നിവയും രാഷ്ട്രപതി പുറത്തിറക്കും. വെബ്സൈറ്റിലും പട്ടണം ഉദ്ഖനനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അനധികൃതമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്താണ് കെസിഎച്ച്ആര്‍ പട്ടണം ഉദ്ഖനനത്തി ന് തുടക്കമിട്ടത്. മുന്‍മന്ത്രി തോമസ് ഐസക്, പറവൂര്‍ എംഎല്‍എ വി.ഡി.സതീശന് തുടങ്ങിയവരുടെ താല്പര്യപ്രകാരമായിരുന്നു ഇത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചിട്ടും പ്രവര്‍ത്തനങ്ങളുമായി കെസിഎച്ച്ആര്‍ മുന്നോട്ടുപോയതും ഇവരുടെ തണലിലാണ്. എഎസ്ഐയുടെ ബംഗളൂരു റീജ്യണല്‍ സെന്ററാണ് കെസിഎച്ച്ആറിന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. എന്നാല്‍ പട്ടണം ഉദ്ഖനനം നിരോധിച്ചത് സംബന്ധിച്ച് തങ്ങള്‍ക്ക് വ്യക്തമായൊന്നും അറിയില്ലെന്ന നിലപാടിലാണ് എഎസ്ഐയുടെ തൃശൂര്‍ മേഖലാകേന്ദ്രം. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദഫലമായാണ് ഉദ്യോഗസ്ഥര്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: