തിരുവനന്തപുരം: സംസ്ഥാനത്തെ 60 വയസ് കഴിഞ്ഞ കര്‍ഷകര്‍ക്ക് പെന്‍ഷനും ഗ്രൂപ്പ് ഇന്‍ഷുറന്‍സും ലഭ്യമാക്കുന്നതിനുള്ള കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്നതിന് നടപടികളായതായി കൃഷിമന്ത്രി കെ.പി മോഹനന്. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് മാത്രമാണ് ബോര്‍ഡില്‍ അംഗത്വം ലഭിക്കുക. കര്‍ഷകരുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന ഫണ്ടിലേക്ക് പണം സ്വരൂപിക്കും. ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി കൃഷിവകുപ്പിലെ അഡീഷണല്‍ ഡയറക്ടറുടെ കേഡറില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന് അധിക ചുമതല നല്‍കും. ബോര്‍ഡിന്റെ ചെയര്മാന് കൃഷിവകുപ്പ് സെക്രട്ടറിയാണ്.
സെക്രട്ടറി, സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന കര്‍ഷക പ്രതിനിധികള്‍, ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ ഒരു പ്രതിനിധി, കൃഷിവകുപ്പ് ഡയറക്ടര്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരായിരിക്കും അംഗങ്ങള്‍. സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന ബജറ്റ് വിഹിതം, അംഗത്വ ഫീസ്, മറ്റ് സംഭാവനകള്‍ തുടങ്ങിയവ ഫണ്ടിലേക്ക് ഉപയോഗിക്കും. കര്‍ഷകര്‍ക്കുള്ള പെന്ഷന്, മറ്റാനുകൂല്യങ്ങള്‍ തുടങ്ങിയവ കര്‍ഷകര്‍ക്ക് ഇ-പേയ്മെന്റ് വഴി ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളം ജൈവകാര്‍ഷിക സംസ്ഥാനമായി രൂപപ്പെടുത്തുന്നതിന്റെ ആശയപ്രചരണത്തിനായി സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും ഈ മാസം 29, മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളിലായി ജൈവ കാര്‍ഷിക സന്ദേശയാത്ര സംഘടിപ്പിക്കും. യാത്രയുടെ ഉദ്ഘാടനം 29ന് രാവിലെ കാസര്‍കോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: