തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ മൂന്നു വര്‍ഷം പിന്നിട്ട നഴ്സുമാര്‍ക്ക് മിനിമം വേതനം നിശ്ചയിക്കുമെന്ന് മന്ത്രി ഷിബുബേബിജോണ്‍ പറഞ്ഞു. ഇക്കാര്യത്തിലുള്ള പ്രാഥമിക ചര്‍ച്ച ഈ മാസം 24 ന് നടക്കും. വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനുള്ള പണം പോലും ഇവിടെ ജോലി ചെയ്യുന്ന പല നഴ്സുമാര്‍ക്കും കിട്ടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
തൊഴില്‍ വകുപ്പിന് കീഴിലുള്ള നൈസ് അക്കാദമിയില്‍ (നഴ്സിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് ) പരിശീലനം പൂര്‍ത്തിയാക്കിയ 73 പേര്‍ക്ക് വിദേശ ജോലിക്കുള്ള ഓഫര്‍ലെറ്റര്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. കിന്‍ഫ്ര പാര്‍ക്കില്‍ 90 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചില്‍ 116 പേരാണുള്ളത്.
അബുദാബിയിലെ ലൈസന്‍സ് പരീക്ഷയായ ഹാഡ് എഴുതാനുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കിയത്. ഇത് പാസായാല്‍ വിവിധ ആശുപത്രികളില്‍ ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം. 1,20,000 രൂപയായിരിക്കും ഇവരുടെ വേതനം. ദുബായും ഖത്തറും ഇവിടെ നിന്നുള്ള നഴ്സുമാര്‍ക്ക് ജോലി നല്കാന് തയ്യാറായിട്ടുണ്ട്.
വിദേശ നഴ്സിംഗ് മേഖലയില്‍ നമുക്കുണ്ടായിരുന്ന മേല്‍ക്കൈ ഫിലിപ്പിന്‍സ് മറി കടന്നിരിക്കുന്നു. സ്പെയിനില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ട്. നൈസ് അക്കാദമിയിലെ പരിശീലനത്തില്‍ സ്പാനിഷ് ഭാഷാ പഠനം ഉള്‍പ്പെടുത്തുമെന്നും ഷിബുബേബിജോണ്‍ പറഞ്ഞു.
തൊഴില്‍ പരിശാലന കേന്ദ്രം ഡയറക്ടര്‍ ബിജു.കെ, പട്ടം എസ്യുറ്റി ആശുപത്രി എംഡി സുധാകര്‍ ജയറാം, ഒഡെപെക് എംഡി.ഡോ.ജി.എല്‍.മുരളീധരന്, നോര്‍ക്ക റൂട്ട്സ് സിഇഒ ആര്.എസ് .കണ്ണന് എന്നിവര്‍ പങ്കെടുത്തു. കെയ്സ് മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍ ആര്.സ്വാഗതവും നൈസ് മേധാവി പി.കെ.ധനമ്മാള്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: