ന്യൂദല്‍ഹി: ജമ്മുകശ്മീരിലും പഞ്ചാബിലും ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ നയിച്ച, കാര്‍ഗിലില്‍ ധീരമായി പൊരുതിയ, വിശിഷ്ട സേവാമെഡല്‍ നേടി വിരമിച്ച മേജര്‍ ജനറല്‍ ഗംഗാദീപ് ബക്ഷി രാജ്യവിരുദ്ധ പ്രചാരണക്കാരുടെ മുന്നില്‍ നിറകണ്ണുകളുമായി നില്‍ക്കേണ്ടിവന്നത് രാജ്യവ്യാപക രോഷത്തിന് കാരണമായി. വ്യാഴാഴ്ച രാത്രി ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം.
ധീരസൈനികന്റെ കണ്ണുകള്‍ നിറഞ്ഞതുകണ്ടതോടെ ചര്‍ച്ച വീക്ഷിച്ചുകൊണ്ടിരുന്ന മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയടക്കം ആയിരങ്ങള്‍ ബക്ഷിക്കു പിന്തുണയുമായി ചാനല്‍ ഓഫീസിലേക്ക് ഫോണ്‍ വിളിച്ചു. എന്റെ രാജ്യത്തിന്റെ സങ്കടകരമായ അവസ്ഥയാണ് ജനറല്‍ ബക്ഷിയെന്ന രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവനമനുഷ്ടിച്ച ഒരു സൈനികനെ കണ്ണീരണിയിപ്പിച്ചതെന്ന് ഇറാനി പറഞ്ഞു.
കേന്ദ്രസര്‍വ്വകലാശാലകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് എതിരെ ഒരു സംഘം ബുദ്ധിജീവികള്‍ ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ച രാജ്യവിരുദ്ധ വാദങ്ങളാണ് ജനറല്‍ ബക്ഷിയെ കണ്ണീരണിയിച്ചത്. തുടര്‍ന്ന് രാത്രി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ:
അര്‍ണബ് ഗോസ്വാമിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ പൊടുന്നനെ എനിക്കൊരു തിരിച്ചറിവുണ്ടായി, ഞങ്ങള്‍ സൈനികരും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. ആ തിരിച്ചറിവ് എനിക്കൊരു ആഘാതമായിരുന്നു. നാം എന്തായി മാറുകയാണെന്ന തിരിച്ചറിവ് വളരെ ആഴത്തില്‍ എന്നെ മുറിവേല്‍പ്പിച്ചു. നമ്മുടെ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ വരെ പ്രശ്നങ്ങളുണ്ടോ. നമ്മുടെ സര്‍വ്വകലാശാലകളില്‍ ദേശീയ പതാക ഉയര്ത്തരുതെന്നാണോ ഇവര്‍ പറയുന്നത് എന്ന് ചിന്തിച്ചുപോയി.
എന്തുകൊണ്ട് പതാക ഉയര്‍ത്താന്‍ പാടില്ല. അതെന്താ രാജ്യത്തെ യൂണിവേഴ്സിറ്റികള്‍ ഭാരതത്തിന്റെ പരമാധികാരം അംഗീകരിക്കാത്ത യു.എന്‍ എന്‍ക്ലേവുകള്‍ ആണോ. നമ്മുടെ ദേശീയപതാകയ്ക്ക് പകരം കമ്യൂണിസ്റ്റ് സൂക്തങ്ങള്‍ പാടണമെന്നാണോ. ഓരോ അഫ്സല്‍ഗുരുവിനെയും ഓരോ മാവോയിസ്റ്റിനെയും ആഘോഷിക്കാനാണോ നമ്മുടെ നികുതിപ്പണം കൊണ്ട് യൂണിവേഴ്സിറ്റികള്‍ നടത്തുന്നത്. മാവോയിസ്റ്റുകള്‍ കൊന്ന 76 സിആര്‍പിഎഫ് ചുണക്കുട്ടികളെ ആദരിക്കൂ.
ജമ്മുകശ്മീരില്‍ മരിച്ചു വീഴുന്ന ഓരോ ജവാനെയും ആദരിക്കൂ. ഇടതു ബുദ്ധിജീവികള്‍ സൃഷ്ടിക്കുന്നതാണ് പ്രശ്നങ്ങള്‍. എല്ലാ ദേശഭക്തരും വൃത്തികെട്ടവരാണ് എന്നവര്‍ പറഞ്ഞുപരത്തുന്നു. ബുദ്ധിജീവികള്‍ അഫ്സല്ഗുരുവിനെയാണ് പിന്തുണയ്ക്കുന്നത്. അതിദേശീയവാദികളായി ജീവിച്ച ഞങ്ങള്‍ സൈനികരാണ് മണ്ടന്മാര്. ദേശീയപതാക പട്ടിലുള്ള ഒരുകഷണം തുണി മാത്രമല്ല ഞങ്ങള്‍ക്ക്. നാം എന്താണ് എന്നതിന്റെ തിരിച്ചറിവു കൂടിയാണത്. ഞങ്ങള്‍ പോരാടുന്നതും മരിക്കുന്നതും ഈ പട്ടിന് കഷണത്തിന് വേണ്ടിയാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ പ്രചാരണങ്ങള്‍ തുടരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: