കൊച്ചി: ജെഎന്‍യുവിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാണിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി ദേശഭക്തസംഗമം സംഘടിപ്പിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തുകള്‍തോറും പരിപാടികള്‍ സംഘടിപ്പിക്കും. ദേശഭക്തസംഗമത്തിന്റെ ഭാഗമായി കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രമുഖരെ പങ്കെടുപ്പിച്ച്് സെമിനാറുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമം അഴിച്ചുവിടുകയാണ്. അവരെ കൊലപ്പെടുത്തുകയാണ്. ഈ കൊലപാതകരാഷ്ട്രീയം അവര്‍ പ്രവര്ത്തനശൈലിയായി സ്വീകരിച്ചിരിക്കുകയാണ്. ഇത് നിയമവാഴ്ചക്കും സമാധാനാന്തരീക്ഷത്തിനും തിരിച്ചടിയാണ്. നാട്ടില്‍ സമാധാനവും ശാന്തിയും ഉണ്ടാകാന്‍ സിപിഎമ്മുമായി ചര്‍ച്ചയാകാമെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു. പക്ഷെ സിപിഎം ശാന്തിയും സമാധാനവും നിയമവാഴ്ചയും അംഗീകരിക്കുന്നില്ല. കൊലപാതകങ്ങള്‍ നടത്തി കേരളത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രാഷ്ട്രീയ മേല്‍ക്കൈ നേടാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്, കുമ്മനം പറഞ്ഞു. സിബിഐ അന്വേഷണങ്ങള്‍ക്കെതിരെ തടസവാദങ്ങള്‍ ഉന്നയിച്ച് സിബിഐയുടെ ആത്മവീര്യം തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ടി.പി. ചന്ദ്രശേഖരന് വധത്തിലെ ഗൂഢാലോചനക്കേസില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്നും കുമ്മനം പറഞ്ഞു.
ബംഗാളിലെ കൂട്ടുകെട്ട് നാളെ കേരളത്തിലും- കുമ്മനം
കൊച്ചി: ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ട് നാളെ കേരളത്തിലും ഉണ്ടാകില്ലെന്ന് പറയാന്‍ വിഎസിനും പിണറായിക്കും കഴിയുമോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ചോദിച്ചു. പല കാര്യത്തിലും കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും രഹസ്യബാന്ധവത്തിലാണ്. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ പോലീസ് നോക്കുകുത്തിയാവുകയാണ്.
പോലീസിന്റെ ഈ നിഷ്ക്രിയത്വം കോണ്‍ഗ്രസ്, സിപിഎം കൂട്ടുകെട്ടാണോയെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. എളമക്കര ഭാസ്കരീയത്തില്‍ നടന്ന ആര്‍എസ്എസ് പരിവാര്‍ സംഘടനകളുടെ സംയുക്ത യോഗത്തിന് ശേഷം മാധ്യമ പ്രവര്ത്തകേരാട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ അവശ ജനവിഭാഗങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. തൃപ്പൂണിത്തുറയില്‍ ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമവും അടൂരില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് എതിരെ നടന്ന പീഡനങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്.
സമന്വയ ബൈഠക്കില്‍ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, ബിജെപി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി രാംലാല്‍, ദേശീയ സെക്രട്ടറി എച്ച്.രാജ, ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തപ്രചാരക് പി.ആര്.ശശിധരന്, പരിവാര്‍ പ്രസ്ഥാനങ്ങളുടെ സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: