ഗുരുവായൂര്‍: നാരായണമന്ത്രജപം കൊണ്ടും, നാദസ്വരം, പരിശവാദ്യം, ഇടുതുടി, വീരാണം, വലിയ പാണി എന്നീ വാദ്യവിശേഷങ്ങള്‍കൊണ്ടും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് ഇന്നലെ ബ്രഹ്മകലശം. രാവിലെ പത്തരയോടെ തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാടാണ് ചൈതന്യപൂരിതമായ ബ്രഹ്മകലശം ശ്രീഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തില്‍ അഭിഷേകം ചെയ്തത്.
പതിവുപൂജകള്‍ക്കു ശേഷം സഹസ്രകലശം അഭിഷേകമാരംഭിച്ചു. കലശമണ്ഡപമായ കൂത്തമ്പലത്തില്‍ ആയിരംകുംഭങ്ങളില്‍ ശ്രേഷ്ടദ്രവ്യങ്ങള്‍ നിറച്ച് പൂജനടത്തി ചൈതന്യവത്താക്കിയ കലശങ്ങള്‍ കീഴ്ശാന്തി നമ്പൂതിരിമാര്‍ കൈമാറി ശ്രീലകത്തെത്തിച്ച് അഭിഷേകം ചെയ്തു. തുടര്‍ന്ന് പത്തേകാലോടെ വെഞ്ചാമരം, മുത്തുക്കുട, ആലവട്ടം, നാദസ്വരമടക്കമുള്ള വാദ്യങ്ങളുടെ അകമ്പടിയില്‍ ബ്രഹ്മകലശം ശ്രീലകത്തേക്ക് എഴുന്നെള്ളിച്ചു.
മേല്‍ശാന്തി എടപ്പാള്‍ കവപ്രമാറത്ത് നാരായണന് നമ്പൂതിരിയാണ് കലശം ശ്രീലകത്തേക്ക് എഴുന്നെള്ളിച്ചത്. ബ്രഹ്മകലശം എഴുന്നെള്ളിക്കുന്നതും, അഭിഷേകം ചെയ്യുന്നതും ദര്‍ശിക്കാനായി എത്തിയ ഭക്തരെകൊണ്ട് ക്ഷേത്രസന്നിധി നിറഞ്ഞുകവിഞ്ഞിരുന്നു. കുംഭമാസത്തിലെ പൂയം നക്ഷത്രമായ ഇന്ന് സന്ധ്യക്ക് ആചാര്യവരണ ചടങ്ങുകള്‍ക്കുശേഷം കൊടിയേറ്റ ചടങ്ങ് നടക്കും. ക്ഷേത്രം മുഖ്യതന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് കൊടിയേറ്റ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഉത്സവത്തിന്റെ രണ്ടാം ദിവസം മുതല്‍ ഭഗവാന്റെ തങ്കത്തിടമ്പ് കിഴക്കെനടയില്‍ സ്വര്‍ണ്ണ പഴുക്കാ മണ്ഡപത്തില്‍ എഴുന്നള്ളിച്ചുവയ്ക്കും. ഉത്സവനാളുകളില്‍ നടക്കുന്ന കാഴ്ചശീവേലിക്ക് പ്രഗത്ഭരുടെ പ്രമാണത്തിലുള്ള മേളവും അരങ്ങേറും. 28–ന് ഭഗവാന്റെ പള്ളിവേട്ടയും, 29-ന് ആറാട്ടിനും ശേഷം കൊടിയിറക്കത്തോടെ ഉത്സവത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: