കൊച്ചി: അധ്യാപകന് വിദ്യാര്‍ഥിയെ അടിച്ചതിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് നിര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി. തിരുവനന്തപുരം വലിയശാല സ്വദേശിനിയായ അധ്യാപിക ഫെലിക്സ് ജെഫ്രി നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് പി. ഉബൈദിന്റെ നിരീക്ഷണം. അധ്യാപികയ്ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.
അധ്യാപിക രണ്ടു വിദ്യാര്‍ഥികളെ അച്ചടക്കനടപടിയുടെ ഭാഗമായാണ് അടിച്ചതെന്നു കോടതി ചൂണ്ടിക്കാട്ടി. പുറമെ നിന്നു കാണുന്ന തരത്തിലുളള പരിക്ക് വിദ്യാര്ഥികള്ക്കുണ്ടായിരുന്നില്ല. എന്നാല്‍ രക്ഷിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നു അധ്യാപികയ്ക്കെതിരെ കേസ് എടുക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ ഇപ്പോഴും ഇതേ സ്കൂളില്‍ തന്നെയാണ് പഠിക്കുന്നതെന്നും അധ്യാപിക ഇവരെ പഠിപ്പിക്കുന്നുണ്ടെന്നും കോടതി പറഞ്ഞൂ .
ഈ സാഹചര്യത്തില്‍ കേസ് തുടരേണ്ടതില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ തീരുമാനം. വിദ്യാര്‍ഥിയെ അടിച്ചുവെന്നാരോപിച്ച് രക്ഷകര്‍ത്താക്കള്‍ പൂജപ്പുര പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും, ബാലനീതി നിയമത്തിലേയും വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് കേസ് എടുത്തിരുന്നത്. പിന്നീട് രക്ഷിതാക്കള്‍ പരാതി പിന്‍വലിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: