തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ചൊവാഴ്ച ആരംഭിച്ച ഐ.ടി പരീക്ഷയുടെ സോഫ്റ്റ്വെയറാണ് ചോർന്നത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എയ്ഡഡ് ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ചോർത്തിയ ചോദ്യപേപ്പർ ലഭിച്ചത്.
ചോദ്യപേപ്പറുകള്‍ സി.ഡിയിലാക്കി എല്ലാ സ്കൂളുകള്‍ക്കും കൊടുക്കുകയാണ് ചെയ്യുന്നത്. പരീക്ഷ ഡ്യുട്ടിക്ക് നിയമിതരാകുന്ന അധ്യാപകര്‍ക്ക് കൊടുക്കുന്ന പാസ്വേഡ് ഉപയോഗിച്ചാണ് ചോദ്യപേപ്പറുകള്‍ ഉപയോഗിക്കുക. സ്കൂളിലെ കുട്ടികളുടെ രജിസ്റ്റര്‍ നമ്പരും ഈ സോഫ്റ്റ്വെയറില് ചേര്‍ക്കണം.
തയ്യാറാക്കുന്ന ഘട്ടത്തിൽ തന്നെ പരീക്ഷാച്ചുമതലയിലുണ്ടായിരുന്നവർ സോഫ്റ്റ്വെയർ ചോദ്യങ്ങൾ ചോർത്തിയെന്നാണ് കരുതുന്നത്. വിദ്യാർത്ഥികളുടെ രജിസ്റ്റർ നമ്പറിൽ ലോഗ് ഇൻ ചെയ്താണ് ചോദ്യങ്ങൾ പെൻഡ്രൈവിലേക്ക് പകർത്തിയത്.
അധ്യാപകർ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പുതന്നെ ചോദ്യങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പെൻഡ്രൈവിലും ഡാറ്റാ കാർഡിലും പകർത്തി കൈമാറിയിരുന്നു. വിവിധ സെറ്റ് ചോദ്യങ്ങൾ ഉണ്ടാകുമെന്നതിനാൽ ഒമ്പത് വിദ്യാർത്ഥികളുടെ രജിസ്റ്റർ നമ്പറിൽ ലോഗ് ഇൻ ചെയ്താണ് ചോദ്യപേപ്പർ കൂട്ടത്തോടെ ചോർത്തിയത്.
ഒമ്പത് രജിസ്റ്റർ നമ്പറുകളിൽ പ്രവേശിച്ച് ചോദ്യങ്ങൾ പകർത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയ്ക്ക് കിട്ടിയതോടെയാണ് സംഭവം പുറത്തായത്. സംസ്ഥാനത്തെ മറ്റ് വിദ്യാലയങ്ങളിലും സമാനമായി സോഫ്റ്റ്വെയർ ചോർന്നതായി റിപ്പോർട്ടുകളുണ്ട്.
ചോദ്യപേപ്പർ റദ്ദാക്കണമെന്നും പുതിയ ചോദ്യപേപ്പർ തയ്യാറാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: