ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ഡി സോണ്‍ കലോത്സവം നടക്കുന്നതിനിടെ മരം കടപുഴകി വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരം. ചിറ്റിലപ്പിള്ളി ശങ്കരംമഠത്തില് അശോകന്റെ മകള്‍ അനുഷയാണ് (19) മരിച്ചത്. ശ്രീകൃഷ്ണ കോളജിലെ ഒന്നാംവര്‍ഷ എക്കണോമിക്സ് ബിരുദ വിദ്യാര്‍ത്ഥിനിയാണ് അനുഷ. അക്കിക്കാവ് പന്തലത്ത് ദാസിന്റെ മകള്‍ ഹരിത, കാണിപ്പയ്യൂര്‍ സ്വദേശി കാണിപ്പയ്യൂര്‍ വീട്ടില്‍ സുരേഷിന്റെ മകള്‍ സുധില, മറ്റം ആളൂര്‍ പാമ്പിങ്ങല്‍ ബാഹുലേയന്റെ മകള്‍ ലയന, മരത്തംകോട് മലയങ്കുളം ബാബുവിന്റെ മകള്‍ ദിവ്യ, ചാലിശ്ശേരി ചണക്കുഴി ശങ്കരന്റെ മകള്‍ ശ്രീലക്ഷ്മി, തൃത്താല കോട്ടേപ്പാടം വടക്കേക്കര വാസുവിന്റെ മകന് അഭിമന്യൂ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ ലയന, സുധില എന്നിവരുടെ നില ഗുരുതരമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോണ്‍ കലോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ പത്തോടെയായിരുന്നു കാമ്പസിനെ നടുക്കിയ ദുരന്തം നടന്നത്. വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലെ വൈശാലി പാറയ്ക്കു മുകളില്‍ ഇരിക്കുകയായിരുന്നു. ഈ സമയം ശക്തമായി വീശിയ കാറ്റില്‍ സമീപത്തെ പടുകൂറ്റന്‍ മട്ടി മരം കടപുഴകി വീഴുകയായിരുന്നു. ശബ്ദംകേട്ട് ഭയന്ന് വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴേക്കും മരം ഇവര്‍ക്ക് മുകളില്‍ പതിച്ചു.
ഈ സമയം സംഭവം കണ്ട് നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളും, അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്നവര് ഓടിയെത്തി മരങ്ങള്‍ക്കിടയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുകയായിരുന്നു. ക്യാമ്പസിലുണ്ടായിരുന്ന വാഹനങ്ങളില്‍ പരിക്കേറ്റവരെ ചൂണ്ടല്‍ ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കേറ്റവരെ പിന്നീട് അമല ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയില്‍ അനുഷയുടെ മരണം സംഭവിച്ചിരുന്നു.
അപകടത്തെത്തുടര്‍ന്ന് ഡി സോണ്‍ കലോത്സവം നിര്‍ത്തിവെച്ചു. വൈകിട്ട് അഞ്ചരയോടെ മൃതദേഹം കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചു. വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷിതാക്കളുമടക്കം വന്‍ ജനാവലിയാണ് അനുഷയുടെ ഭൗതിക ശരീരം ഒരു നോക്ക് കാണാനെത്തിയത്. അര മണിക്കൂര്‍ നേരത്തെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ചിറ്റിലപ്പിള്ളിയിലെ വസതിയിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് രാവിലെ പത്തിന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: