തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ മന്ത്രി സി. എന്‍. ബാലകൃഷ്ണന് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ത്വരിത പരിശോധനക്ക് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിദേശ മദ്യം വാങ്ങിയതിന് അഞ്ച് കോടി രൂപ കമ്മീഷന് കൈപ്പറ്റിയതുള്‍പ്പടെയുള്ള പരാതികളിന്മേലാണ് അന്വേഷണം. ഏപ്രില്‍ നാലിന് അന്വേഷണ റിപ്പോര്‍ട്ട് ഹാജാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി.
കണ്‍സ്യൂമര്‍ഫെഡില്‍ അഞ്ച് വര്‍ഷത്തിനിടെ നടന്ന അഴിമതികളില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന് ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പങ്കുണ്ടെന്ന് കാണിച്ച് മലയാളവേദി പ്രസിഡണ്ട് ജോര്‍ജ്ജ് വട്ടുകുളം, പൊതുപ്രവര്ത്തകന് പി.ഡി.ജോസഫ് എന്നിവരുടെ പരാതികളിലാണ് ജഡ്ജി എസ്.എസ്. വാസന് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണങ്ങളില്‍ പലതിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് വിജിലന്‍സിന് വേണ്ടി ഹാജരായ അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ വി.കെ.ഷൈലജന്‍ കോടതിയെ അറിയിച്ചെങ്കിലും വിദേശമദ്യം വാങ്ങുമ്പോള്‍ ലഭിച്ച ഇന്‍സെന്റീവ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അപഹരിച്ചെവെന്ന ആരോപണം അന്വേഷിച്ചില്ലെന്ന് പരാതിക്കാരന് ചൂണ്ടിക്കാട്ടി.
ഇന്‍സെന്റീവായി അഞ്ച് വര്‍ഷം കൊണ്ട് കണ്‍സ്യൂമര്‍ഫെഡിന് 28.81 കോടി നഷ്ടം വന്നു. കമ്മീഷനായി മന്ത്രി അഞ്ച് കോടി കൈപ്പറ്റി. അതില്‍ രണ്ട് കോടി രൂപ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്റെ വീട്ടില്‍ വെച്ച് കൈമാറുന്നത് കണ്ടെന്ന മന്ത്രിയുടെ മുന്‍ പി.എ ശേഖരന്റെ മൊഴി ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയാണ് കോടതി ദ്രുതപരിശോധനക്ക് ഉത്തരവിട്ടത്.
സഞ്ചരിക്കുന്ന 141 ത്രിവേണി സ്റ്റോറുകള്‍ വാങ്ങിയതില്‍, മന്ത്രിയുടെ മണ്ഡലമുള്‍പ്പെടുന്ന പ്രദേശത്തെ വര്ക്ഷോപ്പിനായിരുന്നു നിര്‍മ്മാണ ചുമതല. വാഹനമൊന്നിന് മൂന്ന് ലക്ഷം രൂപ അധികമായി നല്കി. മന്ത്രിയെക്കൂടാതെ കണ്‍സ്യൂമര്‍ഫെഡ് മുന്‍ പ്രസിഡന്റ് ജോയ് തോമസ്, മുന്‍ എം.ഡി. റിജി ജി നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്.ജയകുമാര്‍ എന്നിവര്‍ക്കെതിരെയും ദ്രുതപരിശോധനയില്‍ അന്വേഷണമുണ്ട്.
ഡിസംബര്‍ 9ന് കോടതി നിര്‍ദ്ദേശിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ജനുവരി 30ന് പരിഗണിക്കാനിരുന്നതാണെങ്കിലും, 18ലേക്ക് മാറ്റുകയായിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 22 ദ്രുതപരിശോധനകളും മൂന്ന് എഫ്.ഐ.ആര് രജിസ്റ്റര്ചെയ്തുള്ള അന്വേഷണവും നടക്കുന്നുണ്ടെന്നായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: