നാഗര്‍കോവില്‍: തപസ്യ കലാസാഹിത്യവേദിയുടെ സാംസ്കാരിക തീര്ത്ഥയാത്രകളിലൊന്നായ സഹ്യസാനുയാത്രയ്ക്ക് രാമകൃഷ്ണ വിവേകാനന്ദന്മാരുടെ ചൈതന്യം തുടിക്കുന്ന വെള്ളിമല വിവേകാനന്ദാശ്രമത്തില്‍ ഉജ്വലപ്രഭാവത്തോടെ സമാപനം. കമല്‍ സെല്‍വരാജ് അധ്യക്ഷത വഹിച്ച സമാപനയോഗം വിവേകാനന്ദാശ്രമം അധ്യക്ഷന്‍ ചൈതന്യാനന്ദജി മഹാരാജ് ഉദ്ഘാടനംചെയ്തു.
കുട്ടികള്‍ക്ക് ഭാരതീയസംസ്കാരത്തെക്കുറിച്ചുള്ള ശരിയായ ധാരണകള്‍ ലഭിക്കാത്തതരത്തിലുള്ള വിദ്യാഭ്യാസപരിഷ്കാരങ്ങളാണ് രാജ്യത്ത് നടപ്പാക്കിയതെന്ന് ചൈതന്യാനന്ദജി അഭിപ്രായപ്പെട്ടു. തപസ്യ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രവര്‍ത്തനംകൊണ്ട് പുതുതലമുറയെ ഒരുപരിധിവരെ സാംസ്കാരികാഭിമുഖ്യമുള്ളവരാക്കാന് കഴിയുന്നുണ്ട്. ഇതുകൊണ്ടുതന്നെ ഒരുകാലത്ത് ശക്തമായിരുന്ന ഭൗതികവാദത്തിന്റെ മൂര്‍ച്ഛയും സ്വാധീനവും ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു. ആത്മീയവിഷയങ്ങളില്‍ ആഭിമുഖ്യമുള്ള സമൂഹം ശക്തിപ്പെടുന്നുമുണ്ട്, സ്വാമിജി പറഞ്ഞു.
പ്രബുദ്ധകേരളം എഡിറ്റര്‍ നന്ദാത്മാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. തപസ്യ സംസ്ഥാന രക്ഷാധികാരി കവി പി. നാരായണക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് കന്യാകുമാരി ജില്ലാ സംഘചാലക് പ്രൊഫ. ആദിസ്വാമി, റിട്ട. പ്രിന്‍സിപ്പല്‍ ഡോ. ഇ. പൊന്നുലിംഗം, തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, സഹസംഘടനാ സെക്രട്ടറി അഡ്വ. കെ.പി. വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
മൂകാംബിക ക്ഷേത്രപരിസരത്തുനിന്ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്. രമേശന്‍നായര്‍ നായകനായി ആരംഭിച്ച സഹ്യസാനുയാത്ര പതിനേഴ് ദിവസംകൊണ്ട് 2300 കി.മീറ്റര്‍ സഞ്ചരിച്ചാണ് നാഗര്‍കോവിലില്‍ സമാപിച്ചത്. നിരവധിയായ സാംസ്കാരികകേന്ദ്രങ്ങളും തീര്‍ത്ഥസ്ഥാനങ്ങളും സന്ദര്‍ശിച്ച യാത്രാസംഘം നൂറുകണക്കിന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. കലാസാഹിത്യരംഗത്തെ 250 ലേറെ ആചാര്യന്മാരെ ആദരിച്ചു.
പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, സംവിധായകന് അലി അക്ബര്‍, കവയത്രി കണിമോള്‍, മാടമ്പ് കുഞ്ഞുക്കുട്ടന്, കെ.ബി. ശ്രീദേവി, ഡോ. ലക്ഷ്മീശങ്കര്‍, ആലപ്പി രംഗനാഥ്, പ്രൊഫ. ഒ.എം. മാത്യു, വെട്ടിക്കവല ശശികുമാര്‍, ഡോ. ബി. അശോക്, പ്രൊഫ. സി.ജി. രാജഗോപാല്‍, ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍പ്രമുഖ് ജെ. നന്ദകുമാര്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ യാത്രയില്‍ പങ്കുചേര്‍ന്ന് ആശിര്‍വദിച്ചു.
കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച് ഗോകര്‍ണത്ത് സമാപിച്ച സാഗരതീരയാത്രക്കുശേഷമാണ് സഹ്യസാനുയാത്രക്ക് തുടക്കംകുറിച്ചത്. കേരളത്തിന്റെ സാംസ്കാരികരംഗത്തിന് നവോത്ഥാനപ്രഭാവം പകരാന്‍ ഇരു യാത്രകള്‍ക്കും കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: