ആലപ്പുഴ: പാര്‍ട്ടിയിലെ രൂക്ഷമായ വിഭാഗീയത മറയ്ക്കാന്‍ സിപിഎം ജില്ലയിലാകെ അക്രമം അഴിച്ചു വിടുന്നു. ഹരിപ്പാട് വെള്ളംകുളങ്ങരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ശാഖയില്‍ കയറി അക്രമിച്ചതിന് പിന്നാലെ ചേര്‍ത്തല പള്ളിപ്പുറത്ത് സിപിഎം ഗുണ്ടാസംഘം വ്യാപക അക്രമം അഴിച്ചുവിട്ടു. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തല്ലിത്തകര്‍ത്തു.
രാത്രിയുടെ മറവിലാണ് ജനങ്ങളെ ഭീതിപ്പെടുത്തി ഇരുപതോളം സിപിഎമ്മുകാര്‍ പള്ളിപ്പുറത്ത് ഭീകരത സൃഷ്ടിച്ചത്. പള്ളിപ്പുറം കോന്നാട്ടുവെളിയില്‍ മുരളീധരന്, ചക്കനാട്ട് കോളനി കുഞ്ഞുമണി, കളത്തിങ്കല്‍ വെളിയില്‍ അശോകന്, പള്ളിപ്പുറം തച്ചാറയില്‍ ഗോപകുമാര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയും മുരളീധരന്റെ ഒറ്റപ്പുന്ന ജംങ്ഷനിലുള്ള പെയ്റ്റിങ് കടയ്ക്കു നേരെയുമാണ് ആക്രമണമുണ്ടായത്. രാത്രി എട്ടുമണിയോടെയാണ് കളത്തിങ്കല്‍ വെളിയില്‍ അശോകന്റെ വീടിനുനേരെ ആക്രമണം നടത്തിയത്.
ഷീറ്റും പലകയും കൊണ്ട് നിര്‍മ്മിച്ച ചെറിയ വീട് പൂര്‍ണമായും നശിപ്പിച്ചു. ഒരുമണിയോടെയാണ് ആര്‍എസ്എസ് താലൂക്ക് സമ്പര്‍ക്കപ്രമുഖ് കോന്നാട്ടുവെളിയില്‍ മുരളീധരന്റെ വീടിനുനേരെ ആക്രമണം നടത്തിയത്. മുരളീധരന്റെ വീട്ടിലെത്തിയ അക്രമിസംഘം വീടിന്റെ ജനാലച്ചില്ലുകള്‍ തകര്‍ക്കുകയും വീടിനു പിന്‍ഭാഗത്തുള്ള വീതില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് വാതില്‍ വെട്ടിപ്പൊളിച്ചാണ് അകത്തുകയറിയത്. വീടിനുള്ളിലുണ്ടായിരുന്ന മുരളീധരന്റെ അമ്മ കാര്‍ത്ത്യായനി, ഭാര്യ കോമളവല്ലി, മകള്‍ അഞ്ജലി എന്നിവരെ ഭീഷണിപ്പെടുത്തിയതിനുശേഷമാണ് വീടിനുള്ളില്‍ ആക്രമണം അഴിച്ചുവിട്ടത്. വിലപിടിപ്പുള്ള സാധനങ്ങള്‍ എല്ലാം തല്ലി തകര്‍ത്തു.
പള്ളിപ്പുറം ചക്കനാട്ട് കോളനിയില്‍ കുഞ്ഞുമണിയുടെ നീര്‍മ്മാണം പൂര്‍ത്തിയാകത്ത വീട്ടിലെത്തിയ അക്രമിസംഘം ടേബിളുകളും കസേരകളുമെല്ലാം തല്ലി തകര്‍ത്തു. ബഹളം കേട്ട് കുഞ്ഞുമണിയുടെ ഭാര്യ ശര്‍മ്മിള വീട്ടില്‍ നിന്ന് ഓടി രക്ഷപെടുകയായിരുന്നു.
ആര്‍എസ്എസ് തിരുനല്ലൂര്‍ മണ്ഡല്‍കാര്യവാഹ് ഗോപകുമാറിന്റെ വീട്ടിലെത്തിയ സംഘം വീടിന്റെ ജനാലച്ചില്ലുകള്‍ എല്ലാം തല്ലിത്തകര്‍ത്തു. വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനുശേഷമാണ് മടങ്ങിയത്. മണിക്കൂറോളം സിപിഎം ഗുണ്ടകള്‍ അക്രമണങ്ങള്‍ നടത്തിയിട്ടും അക്രമി സംഘത്തെ പിടികൂടാന്‍ പോലീസ് ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ആക്രമണത്തിനിരയായ വീടുകളില്‍ സംഘപരിവാര്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: