തിരുവനന്തപുരം: യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുകയുകയുന്നു. ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നതും ആര്‍എസ്പിയെ ഉള്‍പ്പെടുത്തേണ്ടി വരുന്നതുമടക്കം സങ്കീര്‍ണതകള്‍ തലവേദനയായിരിക്കുകയാണ്. ഘടകക്ഷികളുടെ വാശിക്ക് നിന്നുകൊടുക്കരുതെന്ന് കെപിസിസിയോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായി തോല്‍ക്കുന്നവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കരുതെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
നിയമസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡം ജയസാധ്യതയും ജനസ്വീകാര്യതയുമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് പറഞ്ഞു. കെപിസിസി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കുമോയെന്നു പറയാനാകില്ല. അനിവാര്യരായ ആളുകള്‍ സ്ഥാനാര്‍ഥികളായി വരണം.
നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന അവരോടൊപ്പം പുതിയ ആളുകള്‍ക്കും പരിഗണന നല്‍കും. താന്‍ മത്സരിക്കുമോയെന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. അതു വേണ്ട സമയത്ത് പാര്‍ട്ടി ഒരുമിച്ചു തീരുമാനിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിന് പൊതുമാനദണ്ഡം വേണമെന്ന അഭിപ്രായം നേതൃയോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ അതുസംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ല. 22ന് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നുണ്ട്. ആ ചര്‍ച്ചയില്‍ ഉയരുന്ന അഭിപ്രായങ്ങളും നേതൃയോഗത്തില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങളും പരിഗണിച്ചാകും പൊതുരൂപരേഖ ഉണ്ടാക്കുകയെന്നും സുധീരന് വ്യക്തമാക്കി.
വിജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചില്ലെങ്കില്‍ ഭരണത്തുടര്‍ച്ച സ്വപ്നമായി അവശേഷിക്കുമെന്നാണ് രണ്ട് ദിവസമായി നടന്ന കെപിസിസി ഭാരവാഹിയോഗത്തിലെ പൊതുവികാരം. സ്ഥിരമായി മത്സരിച്ച് പരാജയപ്പെടുന്നവരെ ഒഴിവാക്കണം. കൂടാതെ കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ ചില നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ലീഡുണ്ടായിരുന്നുവെന്ന് കരുതി അവിടങ്ങളില്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരെ വീണ്ടും പരീക്ഷിക്കരുത്. ഘടകകക്ഷിളും കോണ്‍ഗ്രസും സ്ഥിരമായി മത്സരിച്ച് തോല്‍ക്കുന്ന മണ്ഡലങ്ങള്‍ പരസ്പരം വച്ച് കൈമാറണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ആര് മുഖ്യമന്ത്രിയെന്നതല്ല ഇപ്പോള്‍ ചര്ച്ചചെയ്യേണ്ടതെത്. ആദ്യം ഭരണം നേടുകയാണ് വേണ്ടതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: