തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ആശയങ്ങളിലും നയങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടാകുമെങ്കിലും രാജ്യസ്നേഹത്തിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി അഖിലേന്ത്യാ സംഘടനാ ജനറല്‍ സെക്രട്ടറി രാംലാല്‍. ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കാര്യാലയം പിഎംജിയിലെ ലോ കോളേജിനു സമീപമുള്ള പൂഞ്ഞാര്‍ ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് ജെഎന്‍യുവില്‍ ഭാരതവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നവര്ക്കൊപ്പമാണ് എല്‍ഡിഎഫും യുഡിഎഫും നിലകൊള്ളുന്നത്. ഭാരതവിരുദ്ധ മുദ്രാവാക്യങ്ങള്‍ എന്തു സന്ദേശമാണ് നല്‍കുന്നത്. ചിലര്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. പക്ഷെ രാഷ്ട്രത്തിനെതിരായുള്ള മുദ്രാവാക്യം വിളികള്‍ കേള്‍ക്കുന്ന ജനങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ടാകും. ഇത്തരത്തിലുള്ള രാജ്യദ്രോഹ ശക്തികള്‍ക്ക് പിന്തുണ നല്കുന്ന നിലപാടാണ് കേരളത്തിലും ഇരുമുന്നണികളും സ്വീകരിച്ചിരിക്കുന്നത്. രാജ്യദ്രോഹികളോട് എന്തു നിലപാട് എടുക്കണമെന്ന് രാജ്യസ്നേഹികള്‍ ചിന്തിക്കണം. രാജ്യത്തെ വിഘടിപ്പിക്കാനും നശിപ്പിക്കാനും ഒരുമിക്കുന്നവര്‍ക്ക് എന്തു മറുപടി നല്‍കണമെന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള ജനത ചിന്തിക്കണം.
യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ മുന്നില്‍ ഒരക്ഷരത്തിന്റെ വ്യത്യാസമേയുള്ളു. എല്ലും യുവും മാത്രം. അഴിമതിയിലും അക്രമത്തിലും പ്രീണന രാഷ്ട്രീയത്തിലും ഇവര്‍ ഒരുമിച്ചാണ്. കേരളത്തില്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ബിജെപി വളരുന്നത്.
കണ്ണൂരില്‍ മാത്രം 78 ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് രാഷ്ട്രീയ വിരോധികള്‍ കൊലപ്പെടുത്തിയിട്ടുള്ളത്. ജീവന് നഷ്ടപ്പെട്ടാലും ആദര്‍ശത്തിന് വേണ്ടി പൊരുതുമെന്ന നിശ്ചയദാര്‍ഢ്യമുള്ള പ്രവര്‍ത്തകരുടെ പ്രയത്നത്തെ ഇത്തവണ കേരള ജനത അംഗീകരിക്കും.
മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളത്തിലെ തന്നെ മൂന്നിലൊന്നു വരുന്ന വിദേശ മലയാളികള്‍ അഭിമാനം കൊള്ളുകയാണ്. ഇന്ന് ഭാരതീയന് എന്ന് പറഞ്ഞ് അവര്‍ക്ക് ലോക രാഷ്ട്രങ്ങളില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്ക്കാന് കഴിയും.
അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണിക്ക് ചുട്ട മറുപടി നല്കാന് ഭാരതത്തിന് കഴിയുന്നു. ദരിദ്ര വിഭാഗങ്ങള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള ജനക്ഷേമ പദ്ധതികളിലൂടെ എല്ലാവരിലും വികസനമെന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്നു. ഇന്ന് കേന്ദ്രത്തിലും 13 സംസ്ഥാനങ്ങളിലും സംശുദ്ധ ഭരണവും വികസനവും കാഴ്ചവയ്ക്കുന്നത് ബിജെപി സര്‍ക്കാരുകളാണ്. കേരളത്തിലും മാറ്റത്തിന്റെ സാഹചര്യമാണുള്ളത്. ദശാബ്ദങ്ങളായി ഇരുമുന്നണികളെയും മാറി മാറി പിന്തുണയ്ക്കുന്ന സമീപനത്തില്‍ നിന്നും ജനങ്ങള്‍ പുതിയൊരു പാതയിലേക്ക് വരാനാഗ്രഹിക്കുകയാണെന്നും രാംലാല്‍ പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ്, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്.ഉമാകാന്തന്‍, ബിജെപി നേതാക്കളായ ഒ.രാജഗോപാല്‍, വി.മുരളീധരന്, ഡോ.പി.പി.വാവ, കെ.സുരേന്ദ്രന്, ശോഭാസുരേന്ദ്രന്, ജെ.ആര്.പത്മകുമാര്‍, സി.ശിവന്‍കുട്ടി, വി.വി.രാജേഷ്, വെള്ളാഞ്ചിറ സോമശേഖരന്‍, കരമന ജയന്, അഡ്വ.എസ്.സുരേഷ്, സംവിധായകന് രാജസേനന്, നടന് കൊല്ലം തുളസി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: