തിരുവനന്തപുരം: ഉദ്യോഗാര്‍ഥികള്‍ക്ക് ഇരുട്ടടി സമ്മാനിച്ച് പബ്ലിക് സര്‍വീസ് കമ്മീഷന്. മുന്നറിയിപ്പു കൂടാതെ വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ പ്രായപരിധി കുറച്ചു കൊണ്ടാണ് പിഎസ്സി തൊഴില്‍രഹിതരായ ചെറുപ്പക്കാരെ ദ്രോഹിക്കുന്നത്.
പിഎസ്സി 2008 ല്‍ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ പ്രായപരിധി 18 വയസ്സിനും 35 വയസ്സിനും ഇടയ്ക്കാണ്. ഇത് 19-30 ആക്കി കുറച്ചാണ് പുതിയ ഉത്തരവിറക്കപ്പെട്ടിരിക്കുന്നത്. ഏഴു വര്‍ഷത്തിന് ശേഷമാണ് ഈ തസ്തികയിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചത്. ഏതാണ്ട് 500 ഓളം ഒഴിവുകളുണ്ടെന്നാണ് പ്രാഥമികവിവരം. മുഴുവന്‍ സംസ്ഥാനത്തിലേക്കുമായി ഇപ്പോള്‍ ക്ഷണിച്ച അപേക്ഷയില്‍ പ്രായപരിധി കുറച്ചതിന് പ്രത്യേകിച്ച് വിശദീകരണം പിഎസ്സി നല്‍കുന്നുമില്ല.
നിലവിലെ നിയമപ്രകാരം 18-36 ആയിരിക്കണം ഈ തസ്തികയുടെ പ്രായപരിധി. എന്നാല്‍ 2016 ഫെബ്രുവരി അഞ്ചിലെ ഗസറ്റ് വിജ്ഞാപനപ്രകാരം പ്രായപരിധി കുറച്ച് അപേക്ഷ ക്ഷണിച്ചു.
മാര്‍ച്ച് ഒമ്പതാണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഇതേക്കുറിച്ച് അന്വേഷിക്കുമ്പോള്‍ വ്യക്തമായ മറുപടി പറയാതെ പിഎസ്സി അധികൃതര്‍ ഒഴിഞ്ഞു മാറുന്നതായും ആക്ഷേപമുണ്ട്.
പെന്ഷന് പ്രായം 55 ല്‍ നിന്ന് 56 ആക്കി നിജപ്പെടുത്തുമ്പോള്‍ തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെ ആശങ്ക പൂര്‍ണമായും പരിഹരിക്കുമെന്നായിരുന്നു സര്‍ക്കാരും പിഎസ്സിയും നല്‍കിയിരുന്ന വാഗ്ദാനം.
എന്നാലിപ്പോള്‍ വനംവകുപ്പ് തസ്തികയുടെ പ്രായപരിധി കുറച്ച് ഒരുകൂട്ടം ചെറുപ്പക്കാരെ നിരാശയുടെ നിലയില്ലാ കയത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് സര്‍ക്കാരും പിഎസ്സിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: