ഇടുക്കി: നേര്യമംഗലം – അടിമാലി റൂട്ടില്‍ ചീയപ്പാറയ്ക്ക് സമീപം കരിങ്കുന്നം തട്ടാരത്തട്ട സ്വദേശി സിജി (24)യെന്ന യുവതിയെ കഴുത്തറുത്ത് കൊന്ന കേസിലെ മുഖ്യ പ്രതിയെ സംഭവം നടന്ന് പതിനൊന്ന് വര്‍ഷത്തിന് ശേഷവും പിടികൂടാനായില്ല. കോട്ടയം പനമ്പാലം കദളിക്കാട്ടില്‍ മുഹമ്മദ് സലീമാണ് ഒളിവില്‍ കഴിയുന്നത്. കേസിലെ കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്ത് കോടതി ശിക്ഷിച്ചിട്ടും മുഖ്യ പ്രതിയെ പികൂടാനാകാത്തത് പോലീസിന്റെ വീഴ്ചയാണ്.
2004 ആഗസ്റ്റ് 30ന്് രാവിലെ അടിമാലി ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം യുവതിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. അടിമാലി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ആരാണ് മരിച്ചതെന്ന് കണ്ടെത്താനായില്ല. തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. തൊട്ടടുത്ത ദിവസം കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ പോലീസ് നല്കി. പത്രത്തിലെ ഫോട്ടോ കണ്ടപ്പോള്‍ തൊടുപുഴ മങ്ങാട്ടുകവല സ്വദേശിയായ യുവാവ് കരിങ്കുന്നം തട്ടരത്തട്ട സ്വദേശിനി സിജിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസിന് വിവരം നല്കി.
മങ്ങാട്ടുകവലയിലെ ബേക്കറിയില്‍ മൂന്ന് മാസക്കാലം സിജി ജോലിക്ക് നിന്നിരുന്നു. ഇതാണ് യുവാവ് സിജിയെ തിരിച്ചറിയാന്‍ കാരണായത്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതോടെ അടിമാലി സി.ഐയായിരുന്ന എം.എ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പോലീസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ: കൊല്ലപ്പെട്ട സിജിയെ പാലാ കിടങ്ങൂരിലാണ് വിവാഹം കഴിച്ചയച്ചത്. ഇവരുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു. ഭര്‍ത്താവിന്റെ അമ്മയെ ക്യാന്‍സര്‍ ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സിക്കാന്‍ എത്തിച്ച അവസരത്തില്‍ മെഡിക്കല്‍ കോളേജിന് സമീപം പഴക്കട നടത്തിയിരുന്ന മുഹമ്മദ് സലീമിനെ പരിചയപ്പെട്ടു. പരിചയം സിജിയുമായുള്ള അതിരുവിട്ട ബന്ധത്തിലേക്ക് നയിച്ചു. സാമ്പത്തികമായി തകര്‍ന്ന കഴിയുന്ന അവസരത്തില്‍ പലതവണ സിജിയുടെ സ്വര്‍ണ ആഭരണങ്ങള്‍ മുഹമ്മദ് സലിം പണയം വയ്ക്കാന്‍ വാങ്ങി. ആഴ്ചകള്‍ പലത് കഴിഞ്ഞു.
പിന്നീടൊരിക്കല്‍ സിജി മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ മുഹമ്മദ് സലീമിനെ കാണാന്‍ കഴിഞ്ഞില്ല. സലീമിന്റെ ബന്ധു റിയാസാണ് അന്ന് കടയിലുണ്ടായിരുന്നത്. റിയാസുമായി സിജി പരിചയത്തിലായി. ഈ ബന്ധവും തെറ്റായ വഴിയിലേക്ക് നീങ്ങി. ഇതിനിടെ മുഹമ്മദ് സലിമും റിയാസും കൂടിയാലോചിച്ച് സിജിയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്നാണ് കുമാരമംഗലം സ്വദേശി ഷെമീര്‍ മുഹമ്മദ് സലിം, റിയാസ് എന്നിവര്‍ ചേര്‍ന്ന് സിജിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തതിന് ശേഷം കൊലപ്പെടുത്തിയത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷെമീറിനെയും റിയാസിനെയും അറസ്റ്റു ചെയ്തു. മുഖ്യപ്രതി മുഹമ്മദ് സലീമിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ മുംബൈയില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടെങ്കിലും കേസ് അന്വേഷിക്കാന്‍ അടിമാലി പോലീസ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: