തിരുവനന്തപുരം: സിപിഎം ആയുധമെടുക്കുന്നത് ആശയപാപ്പരത്തം കൊണ്ടാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കാര്യാലയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സിപിഎം കേരളത്തിലുടനീളം അക്രമം അഴിച്ചുവിട്ട് പ്രതിയോഗികളെ ഉന്മൂലനം ചെയ്ത് രാഷ്ട്രീയമേല്ക്കോയ്മ നേടാമെന്ന് ചിന്തിക്കുകയാണ്. കഠാര രാഷ്ട്രീയത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് സിപിഎം ഇനിയെങ്കിലും മനസ്സിലാക്കണം. ശാന്തിയും സമാധാനവുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഏററുമുട്ടലിലൂടെയും സംഘര്‍ഷത്തിലൂടെയും രക്തസാക്ഷികള്‍ ഉണ്ടാവുന്നെങ്കില്‍ ഉണ്ടാവട്ടെ എന്ന് പ്രഖ്യാപിച്ച് എതിരാളികളെ ഉന്മൂലനം ചെയ്യുകയാണ്. സിപിഎമ്മിന്റെ ഇരകളുടെ നാടാണ് കേരളം. രാജ്യത്ത് സമാധാനം കാംക്ഷിക്കുന്നവരെയും രാജ്യസ്നേഹികളെയും ദേശാഭിമാനികളെയും വേട്ടയാടുകയാണ് സിപിഎം. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ പച്ചനുണ പ്രചരിപ്പിക്കുന്നു. കണ്ണൂരില്‍ കൊലചെയ്യപ്പെട്ട സുജിത്തിനെതിരെയും ചേര്‍ത്തലയിലെ യുവാവിന്റെ മരണത്തില്‍ ബിജെപിക്കെതിരെയുമുള്ള സിപിഎമ്മിന്റെ കുപ്രചരണം ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഒരുകാലത്ത് എകെജിയും ഇഎംഎസും ഒന്നും ചെയ്തില്ലെങ്കിലും ആദര്‍ശമെങ്കിലും പറയുമായിരുന്നു. ഇന്ന് സിപിഎം ആശയപാപ്പരത്തം മൂലം ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. കണ്ണൂരിലെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു എന്ന തിരിച്ചറിവ് അംഗീകരിക്കാനാവാത്തതുമൂലമാണ് കഠാര രാഷ്ട്രീയം തുടരുന്നത്. ചെയ്ത തെറ്റുകള്‍ സിപിഎം നാളെ തിരുത്തേണ്ടിവരും. ജെഎന്‍യു വിഷയത്തില്‍ ദേശദ്രോഹികള്ക്കനുകൂലമായി എടുത്ത നിലപാട് സിപിഎം നാളെ തിരുത്തേണ്ടിവരുമെന്നുറപ്പാണ്. കേരളത്തില്‍ തൃപ്പൂണിത്തുറയിലും അടൂരിലും ദളിത് വിദ്യാര്‍ത്ഥികള്‍ നീതിക്കുവേണ്ടി കേഴുമ്പോള്‍ അവരുടെ ശബ്ദം കേള്‍ക്കാന്‍ ഇവിടെ ഭരണകൂടമില്ല. ശിഥിലമായ മുന്നണി സംവിധാനം ഉപയോഗിച്ച് എങ്ങനെയും അധികാരത്തില്‍ വരുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. കോടികളുടെ കേന്ദ്രപദ്ധതികള്‍ വച്ചു നീട്ടിയാല്‍പോലും അതിലും രാഷ്ട്രീയം കാണുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഇരുപാര്‍ട്ടികളുടെ മലീമസമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഈ തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: